പ്രഭുദേവ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘പുരുഷന്മാരുടെ കണ്ണീരൊപ്പുന്ന’ ഒരു പരമ്പര കൊലപാതകിയുടെ റോളിലാണ് പ്രഭുദേവ എത്തുന്നത്. ചെന്നൈയില്‍ നടന്ന വിപുലമായ ചടങ്ങിലായിരുന്നു ട്രെയ്‌ലര്‍ ലോഞ്ച്.
നിരവധി ഗെറ്റപ്പുകളിലാണ് പ്രഭുദേവ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഏഴ് പ്രധാന നായികാതാരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് അത്. സായ് കുമാര്‍, നാസര്‍, പ്രഗതി എന്നിവരും അഭിനയിക്കുന്നു.
സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭരതന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആര്‍ വി ഭരതന്‍ ആണ്. സംഗീതം ഗണേശന്‍ എസ്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ് കെ, അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് റൂബെന്‍, നൃത്തസംവിധാനം രാജു സുന്ദരം, ബാബ ബാസ്‌കര്‍, വസ്ത്രാലങ്കാരം സായ്, മേക്കപ്പ് കുപ്പുസാമി. നേരത്തെ പുറത്തെത്തിയ ടീസറിനും ആദ്യ ഗാനത്തിനും വലിയ പ്രതികരണമാണ് ലഭിച്ചത്.