പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കല്‍ക്കി 2898 എഡി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. വാരണാസി, മുംബൈ, ഡല്‍ഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗുണ്ടൂര്‍, ഭീമാവരം, കാശ്മീര്‍, വിജയവാഡ എന്നിവയുള്‍പ്പെടെ പാന്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ നടത്തിയ റൈഡ് വഴിയാണ് നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനം നടത്തിയത്. മേയ് ഒന്‍പതിന് ചിത്രം തിയേറ്ററിലെത്തും.

വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍, ദിഷാ പഠാനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ആണെന്നാണ് സൂചന. ‘വൈജയന്തി മൂവീസിന്റെ 50 വര്‍ഷം പിന്നിടുമ്പോള്‍ ഞങ്ങളുടെ ഈ സിനിമ യാത്രയില്‍ മേയ് 9 ന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ‘ജഗദേക വീരുഡു അതിലോക സുന്ദരി’ മുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ ‘മഹാനടി’, ‘മഹര്‍ഷി’ എന്നീ ചിത്രങ്ങളിലൂടെ ഈ തീയതി ഞങ്ങളുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഇപ്പോള്‍ അമിതാഭ് ബച്ചന്‍, പ്രഭാസ്, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാര്‍ അഭിനയിക്കുന്ന ‘കല്‍ക്കി 2898 എഡി’ റിലീസ് ചെയ്യുന്നതും ഇതേ തീയതിയിലാണ്. ഈ നിമിഷത്തില്‍ വൈജയന്തി മൂവീസിന്റെ നാഴികക്കല്ലായ 50-ാം വര്‍ഷവുമായ് ഒത്തുചേര്‍ന്ന് ഞങ്ങളുടെ യാത്ര തുടരുമ്പോള്‍ അത് കൂടുതല്‍ അര്‍ഥവത്തായതാക്കുന്നു.’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന വേളയില്‍ വൈജയന്തി മൂവീസ് സ്ഥാപകയും നിര്‍മ്മാതാവുമായ സി. അശ്വിനി ദത്ത് പറഞ്ഞ വാക്കുകളാണിത്.

കഴിഞ്ഞ വര്‍ഷത്തെ സാന്‍ ഡിയാഗോ കോമിക്-കോണില്‍ നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ അംഗീകാരം നേടിയ ചിത്രമാണ് ‘കല്‍ക്കി 2898 എഡി’. ചിത്രത്തിന്റെ റിലീസിനായ് വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Top