സഹോയ്ക്കു വേണ്ടി പ്രഭാസ് വാങ്ങിയത് നൂറുകോടിയോളം; ശ്രദ്ധാ കപൂറിന് ഏഴു കോടി

പ്രഭാസ് നായകനായെത്തുന്ന ചിത്രം സാഹോയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാഹുബലി പോലെ സാഹോയും ചലച്ചിത്ര ലോകത്ത് തരംഗം സൃഷ്ടിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടയില്‍ ഈ ചിത്രത്തിനായി താരം വാങ്ങിയ പ്രതിഫലതുക സംബന്ധിച്ച് വിവരങ്ങളാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

നൂറു കോടിയ്ക്കടുത്താണ് പ്രഭാസ് സഹോയ്ക്കായി പ്രതിഫലം വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രഭാസിന് പുറമെ ശ്രദ്ധ കപൂറിന്റെ പ്രതിഫലത്തെക്കുറിച്ചും പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏഴു കോടി രൂപയാണ് ശ്രദ്ധ കപൂര്‍ പ്രതിഫലം വാങ്ങിയതെന്നാണ് വിവരം. ബോളിവുഡിലെ മുന്‍നിര നായികമയായ ശ്രദ്ധ കപൂര്‍ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്.

ആഗസ്റ്റ് 30നാണ് സാഹോ റിലീസ് ചെയ്യുന്നത്. മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം 300 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാള നടന്‍ ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ജാക്കി ഷ്‌റോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ്മ, ടിനു ആനന്ദ്, വെനില കിഷോര്‍ തുടങ്ങിയവരും സഹോയില്‍ അണിനിരക്കുന്നുണ്ട്. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കുന്ന സിനിമയ്ക്ക് ആര്‍ മഥി ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Top