പ്രാണയിലെ നിത്യ മേനോന്‍ പാടിയ ‘ഒരു വാക്കിന്‍ മൗനം’ ഗാനത്തിന്റെ ടീസര്‍ കാണാം

വി കെ പ്രകാശിന്റെ സംവിധാനത്തില്‍ നിത്യ മേനോനെ മുഖ്യകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം പ്രാണയിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു വാക്കിന്‍ മൗനം എന്ന ഗാനം ആലപിച്ചിരിക്കുന്നത് നിത്യാ മോനോന്‍ ആണ്. രാജീവ് നായറുടെ വരികള്‍ക്ക് ലൂയിസ് ബാങ്ക്‌സാണ് സംഗീതം നല്‍കിയിരിക്കുന്നത്.

മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്യും. പ്രേക്ഷകര്‍ക്ക് ഒരു പുതിയ ശ്രവ്യദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ ഛായാഗ്രഹണത്തിന്റെ ഗുരുവായ പി.സി ശ്രീറാമാണ്. പ്രശസ്ത ക്യാമറാമാന്‍ പി.സി ശ്രീറാം ഒരിടവേളക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പ്രാണ. ലോക സിനിമയില്‍ തന്നെ സറൗണ്ട് സിന്‍ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ നിയന്ത്രണം. ലോകപ്രശസ്ത ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സാണ് സംഗീത സംവിധാനം ചെയ്യുന്നത്. എസ് രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയൊ എന്നീ ബാനറുകളില്‍ സുരേഷ് രാജ്, പ്രവീണ്‍ എസ്.കുമാര്‍, അനിത രാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ‘പ്രാണ ‘ ആഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ റസൂല്‍ പൂക്കുട്ടിയുടെ മുംബൈയിലുള്ള സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്.

Top