പിണറായി സർക്കാറിനെതിരെ, പി.ആർ ? പിന്നിൽ, മുംബൈ ആസ്ഥാനമായ കമ്പനി !

രു നുണ പലയാവര്‍ത്തി പറഞ്ഞാല്‍ അത് സത്യമാക്കാമെന്ന ഗീബല്‍സിയന്‍ സിദ്ധാന്തത്തെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ പൊളിച്ചടുക്കിയിരിക്കുന്നത്. ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയില്‍ നടന്ന വിജിലന്‍സ് പരിശോധന സംബന്ധമായും പൊലീസ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുമാണ് തെറ്റായ വാര്‍ത്തകള്‍ പ്രമുഖ വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പെടെ നിരന്തരം പ്രചരിപ്പിച്ചിരുന്നത്. ഇതു സംബന്ധമായി ചാനലുകളില്‍ അന്തി ചര്‍ച്ചകളും പൊടി പൊടിക്കുകയുണ്ടായി. എന്നാല്‍ ഈ കള്ള വാര്‍ത്തകളെയെല്ലാം പത്രസമ്മേളനത്തിലൂടെ വസ്തുതകള്‍ നിരത്തിയാണ് പിണറായി ഇപ്പോള്‍ പൊളിച്ചടുക്കിയിരിക്കുന്നത്. ഇതോടെ നാണം കെട്ടിരിക്കുന്നതാകട്ടെ നുണ പ്രചാരകരായ മാധ്യമങ്ങളും പ്രതിപക്ഷവുമാണ്.

പൊലീസ് നിയമ ഭേദഗതിയിലും വിജിലന്‍സ് പരിശോധനയിലും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയെ കടന്നാക്രമിക്കാന്‍ തന്നെയാണ് ഇവരെല്ലാം ലക്ഷ്യമിട്ടിരുന്നത്. മന്ത്രി തോമസ് ഐസക്കിന്റെയും ആനത്തലവട്ടം ആനന്ദന്റെയും വാക്കുകള്‍ വളച്ചൊടിച്ച് സി.പി.എമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാനും ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഉണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ നുണപ്രചരണങ്ങള്‍ മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങളിലെ നുണ പ്രചാരണങ്ങളെ വരെ തുറന്ന് കാട്ടേണ്ട സാഹചര്യമാണ് ഇതോടെ ഇടതുപക്ഷത്തിനുണ്ടായിരിക്കുന്നത്.

ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ വിജിലന്‍സിന് അവകാശമുണ്ടെന്നാണ് കെ.എസ്.എഫ്.ഇയില്‍ നടന്ന വിജിലന്‍സ് പരിശോധനയെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കുന്നത്. നടന്നത് റെയ്ഡല്ല പരിശോധന മാത്രമാണെന്നും പരിശോധന നടത്തി അവര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് അയച്ചുതരികയാണ് ചെയ്യുകയെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രമക്കേടുകളുണ്ടോയെന്ന് കണ്ടെത്താനുള്ളതാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധനാ സംവിധാനം. ഡയറക്ടറുടെ അനുമതിയോടെയാണ് ഇതെല്ലാം നടക്കുന്നത്. ഇപ്പോള്‍ നടന്നിരിക്കുന്നതും അതുതന്നെയാണ്.

മറ്റേതെങ്കിലും അനുമതി ഇക്കാര്യത്തില്‍ വേണ്ടതില്ലെന്ന് കൂടി മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. രമണ്‍ ശ്രീവാസ്തവയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയവര്‍ക്കുള്ള ഒന്നാന്തരം പ്രഹരമാണിത്. കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തിയ ചില പോരായ്മകള്‍ 2020 ഒക്ടോബര്‍ 19ന് വിജിലന്‍സിന്റെ മലപ്പുറം ഡിവൈ.എസ്.പിയാണ് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതേ തുടര്‍ന്ന് 27ന് സോഴ്‌സ് റിപ്പോര്‍ട്ട് പരിശോധിച്ച് മിന്നല്‍ പരിശോധന നല്ലതായിരിക്കുമെന്ന ശുപാര്‍ശ നല്‍കിയത് കോഴിക്കോട് വടക്കന്‍ മേഖലാ വിജിലന്‍സ് സൂപ്രണ്ടാണ്. വിജിലന്‍സ് ആസ്ഥാനത്തെ രഹസ്യാന്വേഷണവിഭാഗം ഈ റിപ്പോര്‍ട്ട് വെരിഫൈ ചെയ്ത ശേഷം നവംബര്‍ 10ന് വിജിലന്‍സ് ഡയറക്ടര്‍ തന്നെയാണ് പരിശോധനയ്ക്കായി നിര്‍ദ്ദേശം നല്‍കിയിരുന്നത്.

27ന് രാവിലെ 11 മുതല്‍ കെ.എസ്.എഫ്.ഇയിലെ 40 ശാഖകളിലായിരുന്നു വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തിയിരുന്നത്. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് ആസ്ഥാനത്ത് പരിശോധിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നടപടിക്കായി സര്‍ക്കാരിന് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം തന്നെയാണ് മുഖ്യമന്ത്രിയും വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ‘കാളപെറ്റു’ എന്ന് കേട്ട മാത്രയില്‍ കയറെടുക്കാന്‍ ഓടിയ പ്രതിപക്ഷ നേതാക്കളും പിണറായിയുടെ പ്രതികരണത്തോടെ ഇപ്പോള്‍ ഇളഭ്യരായിട്ടുണ്ട്. മാധ്യമങ്ങള്‍ പുറത്ത് വിടുന്ന വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യം പരിശോധിക്കാതെ അത് ഏറ്റു പിടിച്ച് വിവാദമുണ്ടാക്കാനാണ് പ്രതിപക്ഷ നേതാക്കള്‍ ശ്രമിച്ചിരുന്നത്. അവര്‍ ഇപ്പോഴും ഈ നിലപാട് തന്നെയാണ് തുടരുന്നത്.

ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് വച്ച വികസന പദ്ധതികള്‍ക്ക് മാധ്യമ വാര്‍ത്തകളുടെ ‘ബദല്‍’മാത്രമാണ് പ്രതിപക്ഷത്തിന് മുന്നോട്ട് വയ്ക്കാനുള്ളത്. വലിയ ഗതികേടാണിത്. പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ച ഒഴിവാക്കാന്‍ സംഘടിതമായ നീക്കങ്ങളാണ് നിലവില്‍ അണിയറയില്‍ നടക്കുന്നത്. ഇതില്‍ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും പങ്കാളികളാണ് എന്നത് ഞെട്ടിക്കുന്ന വിവരമാണ്. നിയമസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല കോര്‍പ്പറേറ്റുകളും സര്‍ക്കാറിനെതിരെ രഹസ്യ നീക്കങ്ങള്‍ നടത്തിവരുന്നുണ്ട്. കെ ഫോണ്‍ നിലവില്‍ വന്നാല്‍ അത് ഏറ്റവും വലിയ തിരിച്ചടിയാകുക രാജ്യത്തെ കുത്തക ടെലികോം കമ്പനികള്‍ക്കാണ്. കേരള മാതൃക മറ്റ് സംസ്ഥാനങ്ങള്‍ കൂടി പിന്തുടര്‍ന്നാല്‍ കുത്തക ടെലികോം കമ്പനികളാണ് അടച്ചു പൂട്ടേണ്ടി വരിക.

ഇതു പോലെ കുത്തകകളുടെ ഉറക്കം കെടുത്തുന്ന നിരവധി പദ്ധതികളാണ് ഇടതുപക്ഷം നടപ്പാക്കികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പിണറായി സര്‍ക്കാറിന് വീണ്ടും ഒരു ഭരണ തുടര്‍ച്ച കോര്‍പ്പറേറ്റുകള്‍ ഒട്ടും ആഗ്രഹിക്കുന്നില്ല. മാധ്യമങ്ങളില്‍ പരസ്യത്തിന്റെ മറവിലും ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരെ പി.ആര്‍ എജന്‍സി വഴിയും സ്വാധീനിച്ച് സര്‍ക്കാറിനെതിരെ വ്യാജ വാര്‍ത്തകള്‍ അഴിച്ചു വിടുന്നതിന് പിന്നില്‍ കോര്‍പ്പറേറ്റ് സാന്നിധ്യമാണ് ഇടതുപക്ഷം സംശയിക്കുന്നത്. കെ.എസ്.എഫ്.ഇ യില്‍ വിജിലന്‍സ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകള്‍ മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഭാഗമാണെന്നാണ് മുഖ്യമന്ത്രിയും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരേ രൂപത്തിലാണ് സംഘടിതമായ അറ്റാക്ക് ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ നടത്തിയിരിക്കുന്നത്. ഇതില്‍ തന്നെ അസ്വാഭാവികതയുണ്ട്.

ശ്രീവാസ്തവയെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ഈ വിഭാഗം ശ്രമിച്ചിരിക്കുന്നത്. ഇതിന് പ്രേരകമായ ‘ശക്തികള്‍’ ആരൊക്കെയെന്ന് കണ്ടു പിടിക്കാന്‍ സംസ്ഥാന ഇന്റിലിജന്‍സും നിലവില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മുംബൈ ആസ്ഥാനമായ ഒരു പി.ആര്‍ കമ്പനി സര്‍ക്കാറിനെതിരെ വ്യാജവാര്‍ത്തകള്‍ കൊടുപ്പിക്കാന്‍ ഇടപെടുന്നതായ സംശയവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സത്യസന്ധരായ മാധ്യമ പ്രവര്‍ത്തകര്‍ സംശയ നിവാരണത്തിനായി വിളിച്ചപ്പോള്‍ തെറ്റിധരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരും നിലവില്‍ സര്‍ക്കാറിന്റെ നോട്ടപ്പുള്ളികളായിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ഭരണമാറ്റം മുന്നില്‍ കണ്ട് നിറം മാറുന്നവരാണിപ്പോള്‍ സര്‍ക്കാറിന്റെ ഹിറ്റ് ലിസ്റ്റില്‍ പെട്ടിരിക്കുന്നത്.

അതേസമയം ഗൗരവപരമായ മറ്റൊരു വെളിപ്പെടുത്തലും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഉള്‍പ്പെടെയുള്ളവര്‍ എം.ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് മജിസ്‌ട്രേറ്റിന് മുന്‍പാകെ നല്‍കിയ രഹസ്യമൊഴിയാണ് പുറത്തായിരിക്കുന്നത്. 24 ന്യൂസാണ് ജൂലായില്‍ നല്‍കിയ ഈ രഹസ്യമൊഴി പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചുവെന്ന സ്വപ്നയുടേതായി പുറത്ത് വന്ന ശബ്ദരേഖകൂടിയാണ് പ്രസക്തമായിരിക്കുന്നത്. വിവാദ ശബ്ദരേഖ സംബന്ധിച്ച് പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും ഈ ക്രൈംബ്രാഞ്ച് അന്വേഷണം അതിനിര്‍ണ്ണായകമാണ്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്ന് തെളിഞ്ഞാല്‍ സമ്മര്‍ദ്ദം ചെലുത്തിയവര്‍ ഏത് ഉന്നത ഉദ്യോഗസ്ഥരായാലും അവര്‍ക്കെതിരെ കേരള പൊലീസിന് കേസെടുക്കേണ്ടി വരും. കേന്ദ്ര ഏജന്‍സികളെ മുന്‍ നിര്‍ത്തി ബി.ജെ.പി എന്ത് ‘കളി’ കളിച്ചാലും അവസാനം പന്ത് പിണറായിയുടെ കയ്യില്‍ തന്നെ എത്തുമെന്നാണ് സി.പി.എം പ്രവര്‍ത്തകരും വിശ്വസിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ആ പ്രഹരം ഏറ്റുവാങ്ങാനുള്ള കരുത്ത് എതിരാളികള്‍ക്കുണ്ടാകണമെന്നതാണ് ചെമ്പട നല്‍കുന്ന മുന്നറിയിപ്പ്.

Top