തിരുവനന്തപുരത്ത് മത്സരിക്കാനുള്ള തീരുമാനം പുന:രാലോചിക്കുമെന്ന് പി.പി.മുകുന്ദന്‍

കണ്ണൂര്‍: കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പുന:രാലോചിക്കുന്നുന്നുവെന്ന് അറിയിച്ച് ബിജെപി മുന്‍ നേതാവ് പി.പി.മുകുന്ദന്‍. മത്സരിക്കാനായി തീരുമാനമെടുത്തപ്പോള്‍ പിന്തുണ നല്‍കിയ സംഘടനകളുമായും നേതാക്കളുമായും കൂടിയാലോചിച്ച് ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. ഇതിനായി അടുത്ത ദിവസം തിരുവനന്തുപരത്ത് യോഗം ചേരുമെന്നും മുകുന്ദന്‍ അറിയിച്ചു.

ഞാന്‍ മിസ്ഡ്‌കോള്‍ മെമ്പര്‍ഷിപ്പുകാരനല്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച് അംഗത്വമെടുത്ത ആളാണ്. പാര്‍ട്ടി ഇപ്പോള്‍ പഴയ ആളുകളെയൊക്കെ തിരിച്ചെടുത്തിട്ടുണ്ട്. അത് തന്നെയായിരുന്നു ഞാന്‍ ആവശ്യപ്പെട്ടിരുന്നതും. വ്യക്തിപരമായി ഒരു നേട്ടവും ആഗ്രഹിച്ചിട്ടില്ല. പാര്‍ട്ടിക്ക് എന്നെ ആവശ്യമുണ്ടെങ്കില്‍ തിരിച്ചെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തരപുരത്തെ സീറ്റില്‍ അനിശ്ചിതത്വം നിലനിന്നിരുന്ന സമയത്തായിരുന്നു ചില സംഘടനകളുമായി കൂടി ആലോചിച്ച് സ്വതന്ത്രനായി മത്സരിക്കാന്‍ താന്‍ തീരുമാനിച്ചത്. കുമ്മനം രാജശേഖരന്‍ തിരിച്ചെത്തി സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പിച്ചതോടെ ഇക്കാര്യത്തില്‍ ഒരു പുന:രാലോചന ആവശ്യമാണെന്ന് തോന്നി. പാര്‍ട്ടിയിലെ പല നേതാക്കളും എനിക്ക് പിന്തുണ തന്നിരുന്നു. അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

Top