ബിജെപിക്ക് രണ്ടടി മുന്നോട്ട് പോകുമ്പോള്‍ ഒരടി പിന്നോട്ടു വരുന്ന അവസ്ഥയാണെന്ന് പി.പി മുകുന്ദന്‍

കണ്ണൂര്‍: സംസ്ഥാനത്ത് ബിജെപിക്ക് രണ്ടടി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഒരടി പിന്നോട്ടു വരുന്ന അവസ്ഥയാണ് ഉള്ളതെന്ന് മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.പി. മുകുന്ദന്‍. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുടെ പ്രതിച്ഛായ പൂര്‍ണമായും നഷ്ടപ്പെട്ടു. കൊടകര കുഴല്‍പ്പണ സംഭവം പാര്‍ട്ടിക്ക് ആകെ നാണക്കേടുണ്ടാക്കിയെന്നും പി.പി. മുകുന്ദന്‍ പറഞ്ഞു.

സംസ്ഥാന ബി.ജെ.പിയില്‍ നേതൃമാറ്റം അനിവാര്യമാണ്. ആദര്‍ശത്തോടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും ഇപ്പോള്‍ മാറിനില്‍ക്കുകയാണ്. കെ. സുരേന്ദ്രന്‍ പ്രസിഡന്റായ ശേഷം കണ്ണൂരില്‍ വന്നപ്പോള്‍ തന്നെ വിളിച്ചിരുന്നു. പിന്നെ വിളിച്ചിട്ടില്ല.

ഇപ്പോള്‍ പുറത്തുവന്ന ശബ്ദരേഖ സുരേന്ദ്രന്റെ തന്നെയാണ്. അതൊരു കെണിയാണെന്ന് മനസിലാക്കാനുള്ള ജാഗ്രത സുരേന്ദ്രനുണ്ടായില്ല. ഇക്കാര്യത്തില്‍ സുരേന്ദ്രന്‍ മറുപടി പറയണം. കുഴല്‍പ്പണ ഇടപാടില്‍ ബി.ജെ.പി നേതൃത്വം പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ട്.

ആര്‍.എസ്.എസില്‍ നിന്നും പാര്‍ട്ടിയ്ക്ക് ഉപദേശങ്ങള്‍ നല്‍കാനായി ഒരു പ്രഭാരിയെ നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹം കേരളത്തില്‍ നിന്നുള്ളയാളല്ല. ഇവിടുത്ത് സാഹചര്യങ്ങള്‍ അറിയില്ല. ഇപ്പോഴുണ്ടായ വിഷയങ്ങളില്‍ അദ്ദേഹം മൗനം പാലിക്കുകയാണ്. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര നേതൃത്വത്തിനറിയാം. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. ചില കാര്യങ്ങളില്‍ വിശദീകരണങ്ങള്‍ തേടാനായി തന്നെ കേന്ദ്ര നേതൃത്വം ബന്ധപ്പെട്ടിരുന്നുവെന്നും പി.പി. മുകുന്ദന്‍ പറഞ്ഞു.

 

Top