പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സുരേന്ദ്രന്റെ കൈയില്‍ മാന്ത്രിക വടിയില്ല; പി.പി മുകുന്ദന്‍

തിരുവനന്തപുരം: പാര്‍ട്ടിക്കു വേണ്ടി ജീവന്‍ ത്യജിച്ച് രക്തസാക്ഷികളായവരെയും അവരുടെ കുടുംബങ്ങളെയും മറന്നുള്ള പ്രവര്‍ത്തനശൈലി നേതാക്കള്‍ക്കു നല്ലതല്ലെന്ന് ബിജെപി നേതാവ് പി.പി.മുകുന്ദന്‍. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ കയ്യില്‍ മാന്ത്രിക വടിയില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനു സമയം നല്‍കണമെന്നും പി.പി. മുകുന്ദന്‍ പറഞ്ഞു.

ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് കേരളത്തില്‍. ഇപ്പോഴത്തെ അന്തരീക്ഷത്തെ പാര്‍ട്ടിക്ക് അനുകൂലമായി ഉപയോഗിക്കാനുള്ള ചുമതല ബിജെപി പ്രവര്‍ത്തകര്‍ മനസിലാക്കണം. പാര്‍ട്ടിയിലെ പ്രശ്നങ്ങളെ അതിനനുസരിച്ചു മാറ്റിയെടുക്കണം. ഇത് അവസരമാണെന്നും നഷ്ടപ്പെടുത്തരുതെന്നും മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും തിരഞ്ഞെടുപ്പിനു മുന്‍പ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രിയുടെ ഓഫിസിനു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ആദ്യം പറഞ്ഞത് കെ.സുരേന്ദ്രനാണ്. അത് ശരിയായി. സുരേന്ദ്രന്റെ ടീമില്‍ പുതിയ ആളുകള്‍ വരണം. അതിലേക്കു ആരെ നിശ്ചയിക്കണം എന്ന് നേതൃത്വത്തിനു വിലയിരുത്തലുണ്ട്.

ബിജെപിയിലെ പ്രശ്നങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തു അടിയന്തരമായി പരിഹരിക്കണം. പരാതിയുള്ളവരുടെ വിഷമതകള്‍ കേള്‍ക്കണം. അതാണ് കേഡര്‍ പാര്‍ട്ടി ചെയ്യേണ്ടത്. അത് നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണിപ്പോള്‍. വീട്ടിലെ പ്രശ്നം പുറത്തു പറയരുത്. അതുപോലെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണം. പരാതികള്‍ പാര്‍ട്ടിയില്‍ ചുമതല ഉള്ളവരോട് നേരിട്ടു പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top