പോസ്റ്റർ വിവാദത്തേക്കുറിച്ചും പലരും ചോദിക്കാറുണ്ടെന്ന് പി.പി. കുഞ്ഞിക്കൃഷ്ണൻ

ന്നാ താൻ കേസ് കൊട് ’ സിനിമയുടെ വിജയത്തിൽ ഏറ്റവുമധികം ആഹ്ളാദിക്കുന്നത് സിനിമയുമായി ചേർന്നുപ്രവർത്തിച്ച ഒരുകൂട്ടം പുതുമുഖ അഭിനേതാക്കളാണ്. കാസർകോട്ടെ വഴിയോരങ്ങളിൽനിന്ന്‌ പ്രാദേശികഭാഷ പറഞ്ഞ് ബിഗ് സ്‌ക്രീനിലേക്ക് കയറിവന്ന ഒട്ടേറെപ്പേരെ സിനിമയിലുണ്ട്. ഇക്കൂട്ടത്തിൽ പ്രേക്ഷകമനസ്സിൽ ശക്തമായി ഇടംനേടിയ കഥാപാത്രമാണ് സിനിമയിലെ മജിസ്‌ട്രേറ്റ്. കാസർകോട്‌ ഉദിനൂർ സെൻട്രൽ സ്കൂളിലെ റിട്ട. ഹിന്ദി അധ്യാപകനാണ് മജിസ്‌ട്രേറ്റിന്റെ വേഷത്തിലെത്തിയ പി.പി. കുഞ്ഞികൃഷ്ണൻ. ആദ്യസിനിമതന്നെ വലിയവിജയമായതിന്റെ ആഹ്ളാദത്തിലാണ് അദ്ദേഹം.

‘‘സിനിമയുടെ കാസ്റ്റിങ് കോൾ കണ്ടാണ് ഫോട്ടോ അയച്ചത്. മൂന്നുതവണയായി അഭിമുഖം നടന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും ഇത്തരത്തിൽ പ്രാധാന്യമുള്ള വേഷമാകും ലഭിക്കുകയെന്ന് പ്രതീക്ഷിച്ചിരുന്നില്ല’’ -കുഞ്ഞികൃഷ്ണൻ പറയുന്നു.

ക്ലബ്ബിന്റെ വാർഷികോത്സവത്തിനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബോധവത്കരണകലാജാഥകളിലും സാക്ഷരതാമിഷന്റെ അക്ഷരകലാജാഥയിലും അഭിനയിച്ച അനുഭവങ്ങൾ ഏറെയുണ്ട്. നിലവിൽ തടിയൻകൊവ്വൽ ഒമ്പതാംവാർഡിലെ മെമ്പറാണ് കുഞ്ഞികൃഷ്ണൻ.

‘‘സംവിധായകനിൽനിന്നും ഒപ്പമുള്ളവരിൽനിന്നും ലഭിച്ച നിർദേശങ്ങളനുസരിച്ചാണ് ജഡ്ജിയുടെ വേഷം ഭംഗിയാക്കിയത്. അഭിനയം ഇഷ്ടമായെന്നുപറഞ്ഞ് സിനിമ കണ്ട ഒരുപാടുപേർ വിളിക്കുന്നുണ്ട്. നാട്ടിലെ സ്വീകരണപരിപാടികളിൽ പങ്കെടുക്കുകയെന്നതാണ് ഇപ്പോഴത്തെ പ്രധാനപരിപാടി. പാർട്ടിക്കാരനായതുകൊണ്ടാകണം സിനിമയുടെ പോസ്റ്ററുമായി ഉയർന്ന വിവാദങ്ങളെക്കുറിച്ചെല്ലാം പലരും ചോദിക്കുന്നുണ്ട്. അവർക്കെല്ലാമുള്ള മറുപടി വകുപ്പുമന്ത്രിയും പാർട്ടിസെക്രട്ടറിയും പറഞ്ഞുകഴിഞ്ഞു. അതിനപ്പുറം ഒന്നുംപറയാനില്ല’’. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

Top