യുപിയില്‍ വാറണ്ടില്ലാതെ അറസ്റ്റിനും റെയ്ഡിനും അധികാരം;പ്രത്യേക പൊലീസ് സേന രൂപീകരിക്കുന്നു

ലഖ്നൗ: വാറണ്ടില്ലാതെയുള്ള പരിശോധനയ്ക്കും അറസ്റ്റിനും അധികാരമുള്ളതും കേന്ദ്ര പോലീസ് സേനയായ സിഐഎസ്എഫിന് സമാനമായതുമായ പുതിയ സേനാവിഭാഗം സംസ്ഥാനത്ത് രൂപീകരിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. സംസ്ഥാനത്തെ കോടതികള്‍, വിമാനത്താവളങ്ങള്‍, അധികാരസ്ഥാപനങ്ങള്‍, മെട്രോ, ബാങ്ക്, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണമാണ് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ്(യുപിഎസ്എസ്എഫ്) എന്ന പുതിയ വിഭാഗത്തിന്റെ പ്രധാന ചുമതല.

യുപി പൊലീസിന്റെ പ്രത്യേക യൂണിറ്റായ പിഎസി(പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി)യില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും പ്രാഥമിക ഘട്ടത്തില്‍ യുപിഎസ്എസ്എഫ് പ്രവര്‍ത്തന സജ്ജമാകുന്നത്. 1,7,47,06 കോടി രൂപ ആദ്യ എട്ട് ബറ്റാലിയനുകള്‍ക്കായി സര്‍ക്കാര്‍ നീക്കിവെയ്ക്കും. മജിസ്ട്രേറ്റില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ ഏതൊരാളേയും അറസ്റ്റ് ചെയ്യാനുള്ള അധികാരം യുപിഎസ്എസ്എഫ് അംഗങ്ങള്‍ക്കുണ്ടായിരിക്കും.

1968 ലെ സിഐഎസ്എഫ് ആക്ടിന്റെ പതിനൊന്നാം വകുപ്പില്‍ വ്യക്തമാക്കിയിട്ടുള്ള എല്ലാ അധികാരവും യുപിഎസ്എസ്എപിനുണ്ടായിരിക്കുമെന്നാണ് സൂചന. സിഐഎസ്എഫ് ആക്ടിന്റെ പതിനൊന്നാം വകുപ്പില്‍ വ്യക്തമാക്കിയിരിക്കുന്ന തരത്തിലുള്ള കുറ്റകൃതങ്ങള്‍ ചെയ്തതോ ചെയ്യാന്‍ സാധ്യതയോയുള്ള വ്യക്തി രക്ഷപ്പെടുമെന്നോ കുറ്റകൃത്യം മറയ്ക്കുമെന്നോ ഉറപ്പുള്ള സാഹചര്യത്തില്‍ ആ വ്യക്തിയെ വാറണ്ടിന്റെ അഭാവത്തില്‍ അറസ്റ്റ് ചെയ്യാമെന്ന് നിയമത്തിന്റെ പന്ത്രണ്ടാം വകുപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ഇത്തരം സന്ദര്‍ഭത്തില്‍ അറസ്റ്റ് ചെയ്യാനുള്ള അധികാരം യുപിഎസ്എസ്എഫ് അംഗങ്ങള്‍ക്കുണ്ടായിരിക്കും.

Top