തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ട് ഇറങ്ങിയതോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: നഗരത്തില്‍ കനത്ത മഴയില്‍ തടസ്സപ്പെട്ട വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. തീവ്ര മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടസ്സപ്പെട്ട വൈദ്യുതി വിതരണം ഏതാണ്ട് പൂര്‍ണ്ണമായി ഇന്നലെ രാത്രിയോടെ തന്നെ പുനഃസ്ഥാപിച്ചിട്ടുണ്ട്.

പ്രളയ ജലം പമ്പ് ചെയ്ത് മാറ്റിയതിനെത്തുടര്‍ന്ന് ജലനിരപ്പ് താണതിനാല്‍ കഴക്കൂട്ടം 110 കെ വി സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനവും സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം, കുളത്തൂര്‍ സെക്ഷനിലെ മൂന്ന് ഫ്‌ലാറ്റുകളിലേക്കുള്ള വൈദ്യുതി കേബിള്‍ തകരാറായതിനാല്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫ്‌ലാറ്റ് അധികൃതര്‍ കേബിള്‍ തകരാര്‍ പരിഹരിക്കുന്ന മുറയ്ക്ക് വൈദ്യുതി പുനഃസ്ഥാപിക്കും.

കഴക്കൂട്ടം സെക്ഷനുകീഴിലെ 3 ട്രാന്‍സ്‌ഫോര്‍മറുകള്‍ ചാര്‍ജ് ചെയ്യാനുണ്ട്. ഇതില്‍ 2 ട്രാന്‍സ്‌ഫോര്‍മറുകള്‍ വൈകാതെ ചാര്‍ജ് ചെയ്യും. ഒരെണ്ണം ജലനിരപ്പ് താഴുന്ന മുറയ്ക്കും. ബീച്ച് സെക്ഷനില്‍ 3 ട്രാന്‍സ്‌ഫോര്‍മറുകള്‍ ഭാഗികമായി ചാര്‍ജ് ചെയ്തിട്ടുള്ളത്, ജലനിരപ്പ് താഴുന്നമുറയ്ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും. മറ്റെല്ലായിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കഴിഞ്ഞു.

Top