വൈദ്യുതി ക്ഷാമം; റദ്ദാക്കിയ പഴയ 4 കരാറുകള്‍ പുനരുജ്ജീവിപ്പിക്കുന്ന കാര്യം പരിഗണനയില്‍

തിരുവനന്തപുരം: വൈദ്യുതി ക്ഷാമം തുടരുന്ന സാഹചര്യത്തില്‍, നടപടിക്രമങ്ങളിലെ വീഴ്ച മൂലം റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയ പഴയ 465 മെഗാവാട്ടിന്റെ 4 കരാറുകള്‍ പുനരുജ്ജീവിപ്പിക്കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാന്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ഈ മാസം മുതല്‍ നവംബര്‍ വരെ മാസാടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ ഇന്നലെ തുറന്നപ്പോള്‍ 12 കമ്പനികള്‍ പങ്കെടുത്തെങ്കിലും യൂണിറ്റിന് 6.95 രൂപ മുതല്‍ 7.87 രൂപ വരെയാണ് ആവശ്യപ്പെട്ടത്. ഈ മാസം 150 മെഗാവാട്ടിന് 7.60, ഒക്ടോബറില്‍ 100 മെഗാവാട്ടിന് 7.87, നവംബറില്‍ 100 മെഗാവാട്ടിന് 6.95 എന്നിങ്ങനെയാണ് വില.

പഴയ കരാറുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ നിയമപരവും സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വിലയിരുത്തി. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശവും തേടിയിരുന്നു. പല കാര്യങ്ങളിലും രണ്ടഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്തിമ തീരുമാനത്തിനായി മന്ത്രിസഭയ്ക്കു വിടുന്നത്.

Top