power crisis mm mani statement

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും പവര്‍കട്ട് വേണ്ടി വന്നാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി എം.എം.മണി. പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രപൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.

പവര്‍കട്ട് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു വരികയാണ് എന്നാല്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി തീരുമാനമായിട്ടില്ലെന്നും എം.എം.മണി പറഞ്ഞു.

കേന്ദ്ര പൂളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കും.

കേന്ദ്രം വൈദ്യുതി നല്‍കുമെന്ന് അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നു. കൂടംകുളത്തുനിന്നുള്‍പ്പെടെ വൈദ്യുതി കൊണ്ടുവരാന്‍ ലൈനുകള്‍ കൂട്ടുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. വൈദ്യുതി ഉത്പാദനം പരമാവധി വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ചെറുകിട ജലവൈദ്യുത പദ്ധതികളെ പ്രോത്സാഹിപ്പിക്കും.

സോളാറിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതും വിപുലീകരിക്കും. വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ ആരായുകയും കേന്ദ്രസബ്‌സിഡി ലഭ്യമാക്കുകയും ചെയ്യുമെന്നും മണി പറഞ്ഞു.

Top