power crisis inn kerala

idukki dam

ഇടുക്കി: വേനല്‍ചൂടില്‍ കേരളം ചുട്ടുപൊള്ളുന്നു. വേനല്‍ കനത്തതോടെ സംസ്ഥാനത്തെ വൈദ്യുത ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയിരിക്കുകയാണ്. 78.51 ദശലക്ഷം വൈദ്യുതിയാണ് കഴിഞ്ഞ ദിവസത്തെ ഉപഭോഗം. ഈ നില തുടരുകയാണെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് രൂക്ഷമായ വൈദ്യുത പ്രതിസന്ധിയാണ്. വൈദ്യുത ഉപഭോഗം പ്രതിദിനം 80 ദശലക്ഷത്തോളം എത്തുമെന്നാണ് വിലയിരുത്തല്‍. അതേസമയം, അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നത് സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് സൂചന.

31 ശതമാനം ജലം മാത്രമാണ് അണക്കെട്ടുകളില്‍ അവശേഷിക്കുന്നത്. ഇടുക്കി അണക്കെട്ടില്‍ ദിവസവും അരയടിയോളം ജലം ഇല്ലാതാകുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 അടി കുറവാണ് ഇപ്പോഴുള്ള ജലനിരപ്പ്. നാല്‍പ്പതു ദിവസത്തില്‍ താഴെ വൈദ്യുതി ഉത്പാദനത്തിനുള്ള ജലം മാത്രമേ ഇടുക്കി അണക്കെട്ടില്‍ അവശേഷിക്കുന്നുള്ളു. 2327 അടി എന്നത് 2280 ല്‍ എത്തിയാല്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തേണ്ടതായി വരും.

മൂലമറ്റം പവര്‍ ഹൗസില്‍ 9 ദശലക്ഷം യൂണിറ്റില്‍ താഴെ വൈദ്യുതി മാത്രമാണ് കഴിഞ്ഞ ആഴ്ചകളില്‍ ഉല്‍പാദിപ്പിച്ചു വരുന്നത്. ഇത് ഉത്പാദനക്ഷമതയുടെ പകുതിപോലും വരുന്നില്ല. വൈദ്യുതോല്‍പ്പാദനം കൂട്ടിയാല്‍ ജലനിരപ്പ് അതിവേഗം താഴുകയും ചെയ്യും.

1295.75 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലമേ സംസ്ഥാനത്തെ അണക്കെട്ടുകളിലുള്ളൂ. വൈദ്യുത ഉപഭോഗം ഇനിയും വര്‍ധിച്ചാല്‍ പണം നല്‍കി പുറമേ നിന്നും വൈദ്യുതി വാങ്ങേണ്ട അവസ്ഥയിലേക്ക് സംസ്ഥാനം എത്തും.

Top