തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ചു; വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊല്ലാന്‍ ശ്രമം

അമ്രോഹ: വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനെ കൊല്ലാന്‍ ശ്രമം. യുപിയിലെ അമ്രോഹ ജില്ലയില്‍ ബ്രഹ്മ്മബാദ് ഗ്രാമത്തിലാണ് സംഭവം.

60കാരനായ കര്‍ഷകന്‍ ആവശ്യപ്പെട്ടിട്ടും വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥനായ സോം ദത്ത് തയ്യാറായില്ല. ഇദ്ദേഹം വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബിജേന്ദര്‍ ത്യാഗിയെന്ന കര്‍ഷകന്‍ വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടത്. സോം ദത്ത് ഈ ആവശ്യം തള്ളിക്കളഞ്ഞു. ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെ ത്യാഗിയുടെ മരുമകനായ അതിന്‍ എന്ന യുവാവ് നാടന്‍ തോക്കുമായി വീട്ടില്‍ നിന്ന് പുറത്തേക്ക് വരികയും നിറയൊഴിക്കുകയുമായിരുന്നു.സോം ദത്തിന്റെ കൈയ്യിലൂടെ തുളഞ്ഞുകയറിയ ബുള്ളറ്റ് ത്യാഗിയുടെ വയറില്‍ ചെന്ന് പതിച്ചു.

വെടിയൊച്ച കേട്ട് ഓടിക്കൂടിയ ജനം ഇരുവരെയും ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി ത്യാഗിയെ മീററ്റിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. സോം ദത്തിന്റെ പിതാവിന്റെ പരാതിയില്‍ അതിനെതിരെ ഐപിസി 307 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തു.

Top