വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍; ഒരു ദിവസം കൊണ്ട് കൂടിയത് 30 ലക്ഷം യൂണിറ്റ്

ഇടുക്കി: വര്‍ദ്ധിച്ച് വരുന്ന കൊടുംചൂടില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ചൊവ്വാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ ഉപയോഗിച്ചത് 83.0865 ദശലക്ഷം യൂണിറ്റ് വൈദ്യുതി. ഒരു ദിവസംകൊണ്ട് കൂടിയത് 30.05 ദശലക്ഷം യൂണിറ്റ്. 4112 മെഗാവാട്ട് വരെയെത്തി ഉപഭോഗം.

സംസ്ഥാനത്ത് ഇതിനു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം 2018 ഏപ്രില്‍ 30ന്, 80.9358 ദശലക്ഷം യൂണിറ്റ്. 2016 ഏപ്രില്‍ 26ന് 80.6 ദശലക്ഷം യൂണിറ്റ് വരെ എത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി 80 ദശലക്ഷത്തിന് മുകളിലായിരുന്നെങ്കിലും ഉപഭോഗം കാര്യമായി ഉയര്‍ന്നിരുന്നില്ല. പരീക്ഷാക്കാലവും തെരഞ്ഞെടുപ്പുമെത്തിയതും ഉപഭോഗം കുതിച്ചുയരാന്‍ കാരണമായി.

ഈ വര്‍ഷം 85 ദശലക്ഷം യൂണിറ്റ് വരെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയരുമെന്നായിരുന്നു വകുപ്പിന്റെ കണക്ക് കൂട്ടല്‍. ഉത്പാദനം കൂട്ടിയതോടെ ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്നു. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2355.46 അടിയാണ് ജലനിരപ്പ്, 50.45 ശതമാനം. മുന്‍വര്‍ഷം ഇതേ സമയം ഇത് 45.92 ശതമാനമായിരുന്നു. 12.998 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 27.406 ആയിരുന്നു.

Top