കേന്ദ്ര റിപ്പോര്‍ട്ട് കണ്ട് പിണറായി തുള്ളണ്ട, അത് യുഡിഎഫ് ഭരണകാലത്തെ നേട്ടമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളം ദാരിദ്ര്യ സൂചികയില്‍ ഏറ്റവും പിന്നിലാണ് എന്ന നിതി ആയോഗ് റിപ്പോര്‍ട്ട് കേരളത്തിന് അഭിമാനമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ നേട്ടം യുഡിഎഫ് സര്‍ക്കാരിന്റേതാണെന്നും നിലവിലെ പിണറായി സര്‍ക്കാരിന് ഈ നില തുടരാനാകുമോ എന്നതില്‍ സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കേരളം ദാരിദ്ര്യ സൂചികയില്‍ ഏറ്റവും പിന്നിലാണ് എന്ന നിതി ആയോഗ് റിപ്പോര്‍ട്ട് കേരളത്തിന് അഭിമാനമാണ്. 2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളത്.

ഈ അംഗീകാരം ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളം ഭരിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവില്‍ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കുവാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളും എടുത്ത നടപടികളും ലോക ശ്രദ്ധ നേടിയവയാണ്.

പക്ഷേ ഇന്നും ഇതാണോ സ്ഥിതി എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോര്‍ട്ട് പുറത്തിറങ്ങുമ്പോള്‍ കേരളത്തിന് നിലവിലെ റിപ്പോര്‍ട്ടിലെ നില തുടരുവാന്‍ കഴിയുമോ എന്നുള്ളത് സംശയമാണ്.

Top