ഉത്തരകൊറിയ ദാരിദ്ര്യത്തിൽ ; അവശ്യസാധനങ്ങളുടെ വിലയിൽ വൻ വർദ്ധന

സോൾ: ഉത്തരകൊറിയയിൽ ഭക്ഷ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നതായി റിപ്പോർട്ട്. ഭക്ഷ്യക്ഷാമം അതിരൂക്ഷമായതോടെ മുഴുപ്പട്ടിണിയിലാണ് രാജ്യം. രാജ്യത്ത് ഒരു കിലോ പഴത്തിന് 3,336 രൂപയാണെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാപ്പിപ്പൊടി ഒരു പായ്ക്കറ്റിന് 5,167 വരെ എത്തി അതോടെ ഒരു കിലോയ്ക്ക് ഏഴായിരത്തിനും മുകളിലാവും വില. ഒരു കിലോ ധാന്യത്തിന് 204.81 രൂപയ്ക്കാണ് വിൽക്കുന്നതെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ ഭഷ്യക്ഷാമത്തിൽ ആശങ്കയുണ്ടെന്ന് പ്രസിഡന്റ് കിം ജോങ് ഉൻ പ്രതികരിച്ചതായാണ് സൂചന. കഴിഞ്ഞ വർഷം ചുഴലിക്കാറ്റിനെ തുടർന്ന് വൻ കൃഷി നാശം ഉണ്ടാവുകയും ധാന്യ ഉത്പാദനം കുറഞ്ഞതായും കിം പറഞ്ഞു. 1990 കളിൽ രാജ്യത്ത് നേരിട്ട ഭക്ഷ്യക്ഷാമത്തിൽ ആയിരക്കണക്കിനാളുകളാണ് മരിച്ചത്. നിലവിലെ ക്ഷാമം ഈ രീതിയിൽ തുടർന്നാൽ 1990ലെക്കാൾ ഗുരുതരമാകും അവസ്ഥയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

യുഎൻ ഭക്ഷ്യകാർഷിക സംഘടനയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച് ഉത്തരകൊറിയയ്ക്ക് 8,60,000 ടൺ ഭക്ഷ്യ വസ്തുക്കളുടെ കുറവുണ്ട്. രാജ്യം മുഴുപ്പട്ടിണിയിലാണെന്നും സഹായം എത്തിക്കണമെന്നും ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ വിദഗ്ധർ ആവശ്യപ്പെട്ടിരുന്നു.

ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി ഉത്തരകൊറിയ കൂടുതലായി ചൈനയെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇറക്കുമതി 2.5 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 500 മില്യൺ യുഎസ് ഡോളറായി കുറഞ്ഞുവെന്നും ഔദ്യോഗിക കസറ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു. സ്ഥിതി അതീവ രൂക്ഷമായതോടെ കർഷരോട് പ്രതിദിനം രണ്ട് ലിറ്റർ വീതം മനുഷ്യ മൂത്രം വളം ഉത്പാദനത്തിനായി നൽകണമെന്നും നിർദ്ദേശമുണ്ട്.

Top