അഗതിരഹിത കേരളം; അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള മാര്‍ഗരേഖ അംഗീകരിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട അതി ദരിദ്രരെ കണ്ടെത്തുന്നതിന് തയ്യാറാക്കിയ മാര്‍ഗരേഖ അംഗീകരിച്ചു. നാലര മാസത്തിനുള്ളില്‍ ഇതിന്റെ സര്‍വ്വേ പൂര്‍ത്തീകരിക്കും. പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഗ്രാമവികസന കമ്മീഷണറേറ്റിലെ അഡീഷണല്‍ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ സന്തോഷ് കുമാറിനെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിശ്ചയിച്ചു.

ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും വിട്ടുപോയതുമായ പരമദരിദ്രരെ കണ്ടെത്തി അവര്‍ക്ക് വരുമാനം ആര്‍ജിക്കാനുള്ള പദ്ധതികളും അത് പറ്റാത്തവര്‍ക്ക് ഇന്‍കം ട്രാന്‍സ്ഫര്‍ പദ്ധതികളും മൈക്രോ പ്ലാനുകളിലൂടെ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

കൂടാതെ, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഓഫീസുകളുടെയും വനിതാ ബറ്റാലിയന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് സംസ്ഥാന പോലീസിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ 49 തസ്തികകള്‍ സൃഷ്ടിക്കും. ക്രൈംബ്രാഞ്ചില്‍  നിലവിലുള്ള അഞ്ച് ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍ സീനിയര്‍ സൂപ്രണ്ട് തസ്തികകളായി ഉയര്‍ത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Top