പുസ്തകത്തിന്റെ വ്യാജ പതിപ്പ് വിറ്റ യുവാവിന് നന്ദി പറഞ്ഞ് പൗലോ കൊയ്‌ലോ

ബ്രസീല്‍; തന്റെ പുസ്തകങ്ങളുടെ വ്യാജ പതിപ്പ് വില്‍പ്പന നടത്തിയ യുവാവിന് നന്ദി പറഞ്ഞ് പൗലോ കൊയ്‌ലോ. തനിക്കിത് അഭിമാനമാണെന്ന് പറഞ്ഞ് ഫേസ്ബുക്ക് പേജില്‍ പങ്കു വെച്ച ചിത്രത്തോടൊപ്പമായിരുന്നു കൊയ്‌ലോയുടെ കുറിപ്പ്.

”ആളുകള്‍ ഇതിനെ വ്യാജ പതിപ്പെന്നു വിളിക്കും. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനമാണ്. പണമുണ്ടാക്കാനായി ഒരു യുവാവിന്റെ ആത്മാര്‍ത്ഥമായ മാര്‍ഗമാണിത്.”- കൊയ്‌ലോ പറഞ്ഞു. ചേതന്‍ ഭഗതിന്റെ ഹാഫ് ഗേള്‍ഫ്രണ്ട്, മലാല യൂസുഫ്‌സായുടെ അയാം മലാല തുടങ്ങിയ പുസ്തകങ്ങളടക്കം പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ കൂടി പിടിച്ചു നില്‍ക്കുന്ന യുവാവിന്റെ ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്.

അടുത്തിടെ തന്റെ എറ്റവും പുതിയ നോവല്‍ ഹിപ്പിയുടെ മലയാളം പതിപ്പിന്റെ പുറം ചട്ട തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ച കൊയ്‌ലോ കുഞ്ചാക്കോ ബോബന്‍ നായകനായ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയുടെ പോസ്റ്ററും പുറത്തു വിട്ടിരുന്നു.

ആധുനിക നോവല്‍ സാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് ബ്രസീലിയന്‍ നോവലിസ്റ്റായ പൗലോ കൊയ്‌ലോ. ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ലോകത്തെമ്പാടും ഏറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ദി ആല്‍കെമിസ്റ്റ് എന്ന നോവല്‍ വളരെ ശ്രദ്ധേയമാണ്. ആധുനിക ക്ലാസിക്കായി കണക്കാക്കപ്പെടുന്ന ഈ പുസ്തകം 56 ഭാഷകളിലായി 43 ദശലക്ഷം കോപ്പികള്‍ വിറ്റുപോയതായി കണക്കാക്കുന്നു. ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 57 ഭാഷകളിലും 150 രാജ്യങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Top