ദേശീയപാതയിലെ കുഴി: പരാതിപ്പെടാന്‍ ആപ്പും വെബ്‌സൈറ്റും വരുന്നു

ന്യൂഡൽഹി: റോഡിലെ കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ഇത്തരമൊരു അവസ്ഥയ്ക്ക് പരിഹാരം കാണാൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടാകുന്നുമുണ്ട്. ഇതിനിടെ ദേശീയപാതയിലെ കുഴികളും, ശോചനീയാവസ്ഥയും അധികൃതരെ അറിയിക്കുന്നതിന് പ്രത്യേക മൊബൈൽ ആപ്പും, ഓൺലൈൻ സംവിധാനവും ഉടൻ നിലവിൽ വരുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

ദേശീയപാത അതോറിറ്റിയാണ് പുതിയ സംവിധാനം തയ്യാറാക്കുന്നത്. ലഭിക്കുന്ന പരാതികളിൽ നടപടിയെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കും. അതിൽ വീഴ്ച വരുത്തിയാൽ പിഴ ഉൾപ്പടെയുള്ള ശിക്ഷാനടപടികൾ ഈടാക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

റോഡിലെ കുഴികൾ മൂലം ഉണ്ടാക്കുന്ന അപകടങ്ങളെത്തുടർന്ന് രാജ്യത്ത് പ്രതിവർഷം ശരാശരി 2300 പേർക്ക് ജീവൻ നഷ്ടപ്പെടുന്നുവെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ 2016 മുതൽ 2020 വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ലെ കണക്ക് ഇതുവരെയും കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല.

Top