യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ സംഭവം; പ്രധാന പ്രതിയടക്കം പത്ത് പേര്‍ പിടിയില്‍

തിരുവനന്തപുരം: പോത്തന്‍കോട്ട് ഗുണ്ടാസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പത്ത് പേര്‍ പിടിയില്‍. ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയത്.

കൊലപാതകത്തില്‍ മൂന്ന് പേര്‍ക്ക് നേരിട്ട് പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി. പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊലപാതകത്തിനുശേഷം ബൈക്കില്‍ പോകവേ സുധീഷിന്റെ കാല്‍ റോഡില്‍ എറിഞ്ഞയാളും പിടിയിലായി.

എല്ലാ പ്രതികളുടെയും വിവരം ലഭിച്ചതായും, വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണെന്ന് റൂറല്‍ എസ് പി കെ മധു വ്യക്തമാക്കി. കൊലപതകത്തിന് കാരണം ഗുണ്ടാപകയാണെന്നും മരിച്ച സുധീഷ് ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും അദ്ദേഹം അറിയിച്ചു. പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും ആക്രമണത്തില്‍ 11 പേര്‍ക്ക് പങ്കുണ്ടെന്നും റൂറല്‍ എസ് പി വ്യക്തമാക്കി.

കസ്റ്റഡിയിലുള്ള ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത് ഗുണ്ടാ സംഘത്തിലെ അംഗമാണ്. വാടകയ്ക്ക് ഓട്ടം പോയതെന്ന രഞ്ജിത്തിന്റെ വാദം അന്വേഷണ സംഘം തള്ളി. ആക്രമണത്തിന് മുമ്പ് ഓട്ടോ റിക്ഷയില്‍ നിന്ന് കത്തിയെടുത്ത് കൊണ്ടുപോകുകയും ആക്രമണത്തിന് ശേഷം വാളും കത്തിയും തിരികെ കൊണ്ടുവച്ചുവെന്നും ലഭിച്ചിരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇന്നലെയാണ് തിരുവനന്തപുരം പോത്തന്‍കോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തന്‍കോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടില്‍ കയറിയ സുധീഷിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.

Top