വീട്ടുജോലിക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: എറണാകുളത്ത് വീട്ടുജോലിക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സജീവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോതമംഗലം ജുഡിഷ്യല്‍ സെക്കന്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

എറണാകുളം പോത്താനിക്കാട് കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കോഴിഫാം നടത്തുകയായിരുന്ന സജീവനാണ് ഇതേ ഫാമിലെ ജീവനക്കാരനായ പ്രസാദിനെ എയര്‍ഗണ്‍ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്. പോത്താനിക്കാട് സിഐയുടെ നേതൃത്വത്തില്‍ വിശദമായി ഇയാളെ ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആദ്യം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യത്തെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി സജീവന്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവം നടന്ന സജീവന്റെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

Top