സമൂഹ വ്യാപന സാധ്യത ശക്തമാകുന്നു; പട്ടാമ്പിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

പാലക്കാട്: സാമൂഹിക വ്യാപന സാധ്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് പട്ടാമ്പി മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാഭരണകൂടം. നഗരസഭ പരിധിയിലെ മുഴുവന്‍ വാര്‍ഡുകളും നിയന്ത്രിത മേഖലയാക്കിയിരിക്കുകയാണ്. പട്ടാമ്പി മീന്‍ചന്തയിലെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്റിജന്‍ പരിശോധനയും തുടങ്ങിയിട്ടുണ്ട്.

സമൂഹ വ്യാപന ഭീതി നിലനില്‍ക്കുന്ന പൊന്നാനി, കുന്ദംകുളം എന്നീ പ്രദേശങ്ങളോട് അടുത്തുനില്‍ക്കുന്ന പട്ടാമ്പിയിലും ഉറവിടമറിയാത്ത കേസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജാഗ്രത കര്‍ശനമാക്കുന്നത്. പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിക്ക് രോഗബാധയുണ്ടായതെങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ഇതേ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചു.

ഒരു കിലോമീറ്റര്‍ പരിധിയിലുളള വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടി. മാര്‍ക്കറ്റ്, പരിസരം എന്നിവടങ്ങിളല്‍ ദ്രുതപരിശോധന പുരോഗമിക്കുകയാണ്. കൂടുതല്‍ പോസിറ്റീവ് കേസുകളുണ്ടാകുമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. മാര്‍ക്കറ്റില്‍ നിന്ന് മീന്‍ വാങ്ങിയ ആളുകളെ വരെ പരിശോധനക്ക് വിധേയരാക്കും.

മത്സ്യവില്‍പ്പന നടത്തുന്ന ആളുകളുടെ റൂട്ട് മാപ്പ് അടിസ്ഥാനമാക്കിയും പരിശോധന തുടരും. നിയന്ത്രണത്തിന്റെ ഭാഗമായി പൊതുഗതാഗതം നിരോധിച്ചു.

ദീര്‍ഘദൂര ബസ്സുകള്‍ പട്ടാമ്പിയില്‍ നിര്‍ത്തരുത്. അവശ്യവസ്തുക്കളും മരുന്നും വില്‍ക്കുന്ന കടകള്‍ക്ക് മാത്രം അനുമതി. ഇതിനുപുറമേ, അട്ടപ്പാടി ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചു. ആനകട്ടി ചെക്‌പോസ്റ്റ് ഡ്യൂട്ടിക്കിടെയാണ് രോഗപ്പകര്‍ച്ചയെന്നാണ് നിഗമനം. ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ 17 ജീവനക്കാര്‍ നിരീക്ഷണത്തിലേക്ക് മാറിയിട്ടുണ്ട്.ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ താത്ക്കാലികമായി അടച്ചു.

Top