അറബിക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത;വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : അറബിക്കടലില്‍ നാളത്തോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ ഒമാന്‍ യമന്‍ ഭാഗത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തിന് ഭീഷണിയാവില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയമഴയ്ക്കാണ് സാധ്യത എന്നതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂനമര്‍ദ്ദ സാധ്യതയുള്ളതിനാൽ കേരള തീരത്ത് ശക്തമായ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കര്‍ശന നിരോധനമേര്‍പ്പെടുത്തി. നിലവില്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തിച്ചേരണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.

Top