ഡെല്‍റ്റ വൈറസിനെക്കള്‍ വ്യാപനശേഷിയുള്ള വൈറസിന് സാധ്യത; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ മൂന്നാംതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ രണ്ടാം തരംഗത്തിന് ഇടയാക്കിയ ഡെല്‍റ്റ വൈറസിനെക്കള്‍ അതിവ്യാപനശേഷിയുള്ള വൈറസിന്റെ ആവിര്‍ഭാവം തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.

‘അതീവ ജാഗ്രത പുലര്‍ത്തേണ്ട കാര്യമാണിത്. നാം മാത്രമായി കഴിയുന്ന സമൂഹമല്ല നമ്മുടേത്. ഇവിടേക്ക് വന്നുചേരുന്നവരുണ്ട്. ഇവിടെനിന്ന് പോയി തിരിച്ചുവരുന്നവരുണ്ട്. അതിവ്യാപനശേഷിയുള്ള വൈറസുമായി ഇവിടെ എത്തുന്നവര്‍ക്ക് അനേകം പേരില്‍ വൈറസ് കൊടുക്കാന്‍ സാധിക്കും. ഈ സാദ്ധ്യത ഗൗരവമായി കാണണമെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതായി പറയുന്നത്. അലംഭാവം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും’ മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണം പാലിച്ച് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കര്‍ശനമായ മുന്‍കരുതല്‍ വേണം. ഇരട്ട മാസ്‌കുകള്‍ ധരിക്കാനും, ചെറിയ കൂടിച്ചേരലുകള്‍ ഒഴിവാക്കാനും വീടുകള്‍ക്ക് അകത്തും കരുതല്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണം. അടുത്ത് ഇടപഴകലും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കണം, കടകളിലും തൊഴില്‍ സ്ഥാപനങ്ങളിലും അതീവ ജാഗ്രത വേണം,അടഞ്ഞ സ്ഥലങ്ങളിലെ ഒത്തുചേരല്‍ വേണ്ടെന്ന് വയ്ക്കണം.

മൂന്നാം തരംഗത്തിനുള്ള സാധ്യത നമ്മള്‍ കണക്കിലെടുക്കണം. ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിന്റെ ആവിര്‍ഭാവം നമ്മുക്ക് തള്ളിക്കളയാനാവില്ല. നാം അതീവ ജാഗ്രത പൂലര്‍ത്തേണ്ട കാര്യമാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Top