ആന്തരികാവയവങ്ങള്‍ ചുരുങ്ങിയ നിലയില്‍; പൊടിയന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം: മുണ്ടക്കയത്ത് ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ട അച്ഛന്‍ പൊടിയന്റെ മരണം വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ ചുരുങ്ങിയ നിലയിലാണ്. ഭക്ഷണം നല്‍കുകയോ ചികിത്സ ഉറപ്പിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു. പട്ടിണി മൂലമാണോ മരണം സംഭവിച്ചതെന്നറിയാന്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തും. മനോനില തെറ്റിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ അമ്മിണിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്നലെയാണ് പ്രായമായ മാതാപിതാക്കളെ ഭക്ഷണവും വെള്ളവും നല്‍കാതെ മകന്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് മുണ്ടക്കയം അസം ബനിയനില്‍ തൊടിയില്‍ വീട്ടില്‍ 80 വയസ്സുള്ള അച്ഛന്‍ പൊടിയന്‍ മരിച്ചത്. മനോനില തെറ്റിയ ഭാര്യ 76 വയസ്സുള്ള അമ്മിണിയെ പോലീസും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് പൊടിയന്‍ മരിച്ചത്.

സ്ഥിരം മദ്യപാനിയായ മകന്‍ റെജി വീടിനോടു ചേര്‍ന്നു തന്നെയാണ് താമസം. ഭക്ഷണവും വെള്ളവും നല്‍കാതെ മാസങ്ങളായി ഒരു മുറിയില്‍ മാതാപിതാക്കളെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. നാട്ടുകാരോ ബന്ധുക്കളോ മുറിക്കുള്ളില്‍ പ്രവേശിക്കാതിരിക്കാന്‍ കട്ടിലില്‍ റെജി നായയെയും കെട്ടിയിട്ടിരുന്നു. റെജിയുടെ ഭാര്യയും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. റെജിയുടെ സഹോദരന്‍ വീട്ടിലേക്ക് വരാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം പൊതുശ്മശാനത്തില്‍ പൊടിയന്റെ മൃതദേഹം സംസ്‌കരിച്ചു. സംഭവത്തില്‍ മുണ്ടക്കയം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top