കോണ്‍ഗ്രസില്‍ പോര് രൂക്ഷം; അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനുമെതിരെ പോസ്റ്ററുകള്‍

പത്തനംതിട്ട: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുന്നു. കോന്നിയില്‍ അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനും എതിരെ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചു. കോന്നിയില്‍ റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കരുതെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. റോബിന്‍ ആറ്റിങ്ങല്‍ എംപിയുടെ ബിനാമിയാണെന്നും പോസ്റ്ററുകളില്‍ പറയുന്നു. കോണ്‍ഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

കോന്നിയില്‍ റോബിന്‍ പീറ്റര്‍ മത്സരിച്ചേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട കോന്നി തിരികെ പിടിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് യുഡിഎഫ്. അടൂര്‍ പ്രകാശിനെതിരെ നേരത്തെ തന്നെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി നിര്‍ണയമോ പ്രഖ്യാപനമോ നടക്കുന്നതിനു മുന്‍പേ റോബിന്‍ പീറ്ററാണ് വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി എന്ന് അടൂര്‍ പ്രകാശ് പ്രഖ്യാപനം നടത്തി എന്നായിരുന്നു ആരോപണം.

Top