പിഎം നരേന്ദ്രമോദിയുടെ പോസ്റ്ററിനെതിരെ ഗനരചയിതാവ് ജാവേദ് അക്തര്‍ രംഗത്ത്‌

മുംബൈ: നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന ‘പിഎം നരേന്ദ്രമോദി’ ചിത്രത്തിന്റെ പോസ്റ്റര്‍ വിവാദത്തില്‍. പ്രമുഖ ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറാണ് ചിത്രത്തിന്റെ പോസ്റ്ററിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

താന്‍ എഴുതാത്ത പാട്ടിന്റെ പേരില്‍ ‘പിഎം നരേന്ദ്രമോദി’ ചിത്രത്തിന്റെ പോസ്റ്ററില്‍ തന്റെ പേര്‌ ഉപയോഗിച്ചതിനെതിരെയാണ് ജാവേദ് അക്തര്‍ രംഗത്ത് വന്നിരിക്കുന്നത്. താന്‍ ഭാഗമല്ലാത്ത സിനിമയുടെ പോസ്റ്ററിലാണ് തന്റെ പേര്‌ ഉള്‍പ്പെടുത്തിരിക്കുന്നത് എന്ന് ജാവേദ് പറഞ്ഞു.

ചിത്രത്തിനു ഗാനങ്ങള്‍ ഒരുക്കിയത്‌ ജാവേദ് അക്തര്‍, പ്രസൂണ്‍ ജോഷി, സമീര്‍, അഭേന്ദ്രകുമാര്‍ ഉപാധ്യായ്, സര്‍ദാര, പാരി ജി ലവ് രാജ്‌
എന്നിവരുടെ പേരുകളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്റ്ററില്‍ ഉളളത്‌.ഇത് തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ജാവേദ് അക്തര്‍ ഇക്കാര്യം ചൂണ്ടികാട്ടി രംഗത്ത് വന്നത്. താന്‍ ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ രചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. ഒമുംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയിയാണ് നരേന്ദ്ര മോദിയായി വേഷമിടുന്നത്.ഗുജറാത്ത്, ഉത്തരാഖണ്ഡ് മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തികരിച്ചത്.

Top