കോടിയേരിയെ അപമാനിച്ച് പോസ്റ്റിട്ടു; ക്ഷമാപണവുമായി പോലീസുകാരൻ

തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് സാമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട സംഭവത്തില്‍ ക്ഷമാപണവുമായി പോലീസുകാരന്‍. തെറ്റായി അയച്ച ഒരു മെസേജ് അറിയാതെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചതാണെന്നും സംഭവത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് എ.എസ്.ഐ. ഉറൂബ് അറിയിച്ചത്. ഇയാൾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐയാണ്.

‘മാന്യ ജനങ്ങളോട് മാപ്പ്. മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിലും മറ്റ് ഗ്രൂപ്പുകളിലും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മെസേജ് ഷെയര്‍ ചെയ്തിരുന്നു. തെറ്റായി അയച്ച ഒരു മെസേജ് ഞാനറിയാതെ സ്‌കൂള്‍ ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തു. എന്റെ ഭാഗത്ത് നിന്ന് വന്ന വിഴ്ചയില്‍ ഖേദിക്കുന്നു. തെറ്റ് മനസിലാക്കിയ ഉടന്‍, 30 സെക്കന്റിനുള്ളില്‍ മെസേജ് പിന്‍വലിച്ചു. ഞാന്‍ അറിയാതെ എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ മാപ്പ് ചോദിക്കുന്നു’, ഉറൂബ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

സംഭവത്തില്‍ ഉറൂബിനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. സി.പി.എം. പ്രവര്‍ത്തകനായ എസ്.റിയാസ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നല്‍കിയ പരാതിയിലാണ് നടപടി. ഉറൂബ് പിടി.എ. പ്രസിഡന്റായ സ്‌കൂളിലെ പി.ടി.എ. ഗ്രൂപ്പിലാണ് കോടിയേരിയുടെ ചിത്രം ഉള്‍പ്പെടെ അപമാനിക്കുന്ന തരത്തിലുള്ള പദങ്ങളുപയോഗിച്ച് പോസ്റ്റ് ഇട്ടത്. കെ.പി.സി.സി. മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ഗണ്‍മാനായിരുന്നു ഉറൂബ്.

Top