രാമക്ഷേത്രത്തെ അനുകൂലിച്ച് പോസ്റ്റിട്ടു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യയ്ക്ക് വധഭീഷണി

മുംബൈ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ചതിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യയും മോഡലുമായ ഹസിന്‍ ജഹാന് ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും. രാമക്ഷേത്ര നിര്‍മാണത്തെ അഭിനന്ദിച്ചതിന്റെ പേരില്‍ ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും ഉണ്ടായ വിവരം ഹസിന്‍ ജഹാന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസിന്റെ സൈബര്‍ക്രൈം വിഭാഗത്തിന് പരാതി നല്‍കിയതായും ഹസിന്‍ ജഹാന്‍ അറിയിച്ചു.

‘അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിനു തുടക്കം കുറിച്ചു നടന്ന ഭൂമിപൂജയില്‍ എല്ലാ ഹിന്ദു സഹോദരങ്ങള്‍ക്കും അഭിനന്ദനം’ എന്നായിരുന്നു ഹസിന്‍ ജഹാന്റെ കുറിപ്പ്. ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ചിത്രവും പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹസിന്‍ ജഹാനെതിരെ ഭീഷണിയുമായി ചിലര്‍ കമന്റിട്ടത്.

ഹസീബ് ഖാന്‍ എന്നയാള്‍ ഹസിന്‍ ജഹാനെ പീഡനത്തിന് ഇരയാക്കുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍, ചിലര്‍ വധഭീഷണിയും മുഴക്കി. ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചപ്പോള്‍ ഹിന്ദു സഹോദരങ്ങളെ അഭിനന്ദിച്ച് ഞാന്‍ പോസ്റ്റിട്ടിരുന്നു. പക്ഷേ, ചില തല്‍പര കക്ഷികള്‍ എന്റെ പോസ്റ്റിനു താഴെ ഭീഷണിയുടെ സ്വരമുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്തു.

ചിലര്‍ ബലാത്സംഗ ഭീഷണിയും മറ്റു ചിലര്‍ വധഭീഷണിയും മുഴക്കി’ ഹസിന്‍ ജഹാന്‍ പറഞ്ഞു.’ഭീഷണി കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഞാന്‍ പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഹസിന്‍ ജഹാന്‍ പറഞ്ഞു.

Top