പെരിന്തൽമണ്ണയിലെ പോസ്റ്റൽ ബാലറ്റുകളിൽ ഒരു കെട്ട് കാണാതായി; അന്വേഷണം വേണം

മലപ്പുറം : പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ സ്പെഷ്യൽ തപാൽ വോട്ടുകളിൽ ഒരുകെട്ട് കാണാതായി. പോസ്റ്റൽ ബാലറ്റുകളിലെ ഒരു പാക്കറ്റ് കാണാനില്ലെന്ന് റിട്ടേണിംഗ് ഓഫീസർ ഹൈക്കോടതി ജഡ്ജിന് റിപ്പോർട്ട് നൽകി. ടേബിൾ അഞ്ചിൽ എണ്ണിയ പോസ്റ്റൽ ബാലറ്റിലെ ഒരു കെട്ടാണ് കാണാതായത്. ഈ പോസ്റ്റൽ ബാലറ്റ് കൗണ്ട് ചെയ്തുവെന്നതിന്റെ രേഖകൾ കൈവശമുണ്ട്. കൗണ്ടിംഗ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഒപ്പിട്ടതിനും രേഖകളുണ്ട്. 482 ബാലറ്റുകളായിരുന്നു കാണാതായ കെട്ടിലുണ്ടായിരുന്നത്.

ഹോസ്റ്റൽ ബാലറ്റ് കെട്ട് കാണാതായതിൽ വിശദമായ അന്വേഷണം വേണമെന്നും പെരിന്തൽമണ്ണ സബ് കളക്ടർ കൂടിയായ റിട്ടേണിംഗ് ഓഫീസർ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. വോട്ട് കാണാതായത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അട്ടിമറി സൂചനയുണ്ടെന്ന് റിപ്പോർട്ടിലില്ല.

പെരിന്തൽമണ്ണ ട്രഷറിയിൽ സൂക്ഷിക്കേണ്ടിയിരുന്ന പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ തർക്കവിഷയമായ സ്പെഷ്യൽ തപാൽ വോട്ടുകളുടെ പെട്ടി കാണാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് വ്യക്തമായത്. പിന്നീട് നടത്തിയ അന്വേഷണത്തിന് ഒടുവിൽ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാർ ഓഫീസിൽ പെട്ടി കണ്ടെത്തി. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവച്ച 348 തപാൽ വോട്ടുകളടങ്ങിയ പെട്ടികളിൽ ഒന്നിനാണ് സ്ഥാനമാറ്റം സംഭവിച്ചത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരംജയിച്ചത്.അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല.

ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ ഇടത് സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു.പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാൻ പെരിന്തൽമണ്ണ ട്രഷറിയിൽ എത്തിയപ്പോഴാണ് വോട്ട് പെട്ടി കാണാതായെന്ന് വ്യക്തമായത്. ഇത് പിന്നീട് നടത്തിയ തെരച്ചിലിൽ മലപ്പുറം സഹകരണ രജിസ്റ്റർ ഓഫീസിൽ കണ്ടെത്തി. പക്ഷേ ഇതിൽ ഒരു കെട്ട് കാണാനില്ലെന്നാണ് പുതിയ വിവരം.

Top