ജാതിപരാമര്‍ശങ്ങളടങ്ങിയ പോസ്റ്റ്; വിവാദമായതോടെ പിന്‍വലിച്ച് മാപ്പുപറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ

ന്യൂഡല്‍ഹി: ജാതിപരാമര്‍ശങ്ങളടങ്ങിയ സാമൂഹികമാധ്യമ പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ച് മാപ്പുപറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ.ചൊവ്വാഴ്ചയാണ് സാമൂഹികമാധ്യമത്തില്‍ വിവാദകുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കൃഷിയും പശുപരിപാലനും വാണിജ്യവുമാണ് വൈശ്യരുടെ ജോലിയെന്നും ബ്രാഹ്‌മണരെയും ക്ഷത്രിയരെയും വൈശ്യരെയും സേവിക്കലാണ് ശൂദ്രരുടെ തൊഴിലെന്നുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ഇതിനെതിരേ കടുത്തവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സമൂഹത്തില്‍ എല്ലാവരെയും തുല്യരായി കാണുമെന്നാണ് ഭരണഘടനാപദവി വഹിക്കുന്നവര്‍ സത്യവാചകം ചൊല്ലുന്നതെന്ന് മജ്ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി ചൂണ്ടിക്കാട്ടി. അസമിലെ മുസ്ലിങ്ങള്‍ നേരിടുന്ന ക്രൂരതയില്‍ മുഖ്യമന്ത്രിയുടെ മനോഭാവം വെളിപ്പെടുന്നുണ്ടെന്നും ഒവൈസി പറഞ്ഞു.

സംഭവം വിവാദമായതോടെയാണ് ഹിമന്ദ പോസ്റ്റ് പിന്‍വലിച്ചത്. ഭഗവദ് ഗീതയുടെ 18-ാം അധ്യായത്തിലെ 44-ാം ശ്ലോകം തെറ്റായി പരിഭാഷപ്പെടുത്തി പോസ്റ്റുചെയ്തതാണെന്നും തെറ്റ് മനസ്സിലായപ്പോള്‍ ഉടനത് പിന്‍വലിച്ചെന്നും ഹിമന്ദ പറഞ്ഞു. അസം ജാതിരഹിതസമൂഹമാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുപറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രാഹ്‌മണരെയും ക്ഷത്രിയരെയും വൈശ്യരെയും സേവിക്കലാണ് ശൂദ്രരുടെ ധര്‍മമെന്ന് പറയുന്ന പോസ്റ്റാണ് വിവാദമായത്. എന്നാല്‍, താന്‍ നിത്യവും ഭഗവദ് ഗീതയിലെ ഓരോ ശ്ലോകം എക്സില്‍ പോസ്റ്റുചെയ്യാറുണ്ടെന്നും തന്റെ ടീമംഗങ്ങളാരോ കഴിഞ്ഞദിവസം തെറ്റായ പരിഭാഷ ഉപയോഗിച്ചതാണ് കുഴപ്പമായതെന്നും കുറിപ്പ് പിന്‍വലിച്ച് മാപ്പുപറഞ്ഞ് ഹിമന്ദ കുറിച്ചു.

Top