തപാല്‍ സമരം: കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു

chennithala

തിരുവനന്തപുരം: രാജ്യത്തെ തപാല്‍ സമരം ഏറെ ബാധിച്ച സംസ്ഥാനങ്ങളിലാന്നാണ് കേരളമെന്നും സമരം പിന്‍വലിക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. സമരം തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളൊന്നുമില്ലാത്ത പശ്ചാത്തലത്തിലാണ് കത്തയച്ചത്.

പോസ്റ്റല്‍ സേവിംഗ്‌സ് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല. കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ 1.75 കോടി പേരുടെ അക്കൗണ്ടുകളാണ് ഉള്ളത്. വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് പോലും പണം പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. സ്പീഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചതിനാല്‍ 18,000 പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നാഷണല്‍ സേവിംഗ്‌സ് സ്‌കീം പ്രകാരം ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുക അടയ്ക്കാനും കഴിഞ്ഞിട്ടില്ല. ഇതെല്ലാം ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്. ഗ്രാമീണ സഡക് സേവകുമാരുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന ആവശ്യത്തില്‍ അനുയോജ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top