പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം നില്‍ക്കുമെന്ന് സിദ്ദു

ചണ്ഡീഗഢ്: പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചതിനു പിന്നാലെ രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച് നവ്ജ്യോത് സിങ് സിദ്ദു. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നില്‍ക്കുമെന്ന് ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഗാന്ധിജിയുടെയും ശാസ്ത്രിജിയുടെയും തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കും. പദവി ഉണ്ടെങ്കിലും പദവി ഇല്ലെങ്കിലും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം നില്‍ക്കും. എല്ലാ പ്രതികൂലശക്തികളും എന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചോട്ടെ, ക്രിയാത്മക ഊര്‍ജം കൊണ്ട് പഞ്ചാബിനെ വിജയിപ്പിക്കാന്‍ ശ്രമിക്കും. പഞ്ചാബിയത്ത് (ലോക സാഹോദര്യം) വിജയിക്കും. ഓരോ പഞ്ചാബിയും വിജയിക്കുമെന്ന് സിദ്ദു ട്വീറ്റ് ചെയ്തു.

അമരിന്ദര്‍ സിങ് രാജിവെച്ചതിനു പകരം ചുമതലയേറ്റ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ ചില നിയമനങ്ങള്‍ അംഗീക്കാനാകാതെയാണ് സിദ്ദു പടിയിറങ്ങിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പഞ്ചാബ് പൊലീസ് മേധാവി, അഡ്വക്കറ്റ് ജനറല്‍ എന്നിവരുടെ നിയമനങ്ങളില്‍ സിദ്ദുവിന് അതൃപ്തിയുണ്ട്. പിന്നാലെ ഛന്നിയും സിദ്ദുവും ചര്‍ച്ച നടത്തി. തുടര്‍ന്നാണു ട്വിറ്റര്‍ വഴിയുള്ള സിദ്ദുവിന്റെ പ്രസ്താവന.

Top