നാണയം വിഴുങ്ങിയതിന് പിന്നാലെ മരണപ്പെട്ട മൂന്ന് വയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊച്ചി: നാണയം വിഴുങ്ങിയതിന് പിന്നാലെ മരണപ്പെട്ട ആലുവയിലെ മൂന്ന് വയസുകാരന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. മരണകാരണം സംബന്ധിച്ച വ്യക്തത കിട്ടുന്നതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ചികിത്സാ പിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍ പൃഥ്വിരാജാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. മൂന്ന് ആശുപത്രികളാണ് കുട്ടിക്ക് ചികിത്സ നിഷേധിച്ചത്.

കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പ്രത്യേക സംഘം പോസ്റ്റ്മോര്‍ട്ടം നടത്തുക. നാണയം കുടുങ്ങിയതുമൂലമാണ് മരണമെന്ന് വ്യക്തമായാല്‍ ആശുപത്രികള്‍ക്കെതിരെ പൊലീസ് നടപടി എടുക്കും. എന്നാല്‍ നാണയം വിഴുങ്ങിയതാകില്ല മരണ കാരണമെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധരുടേത്. മന്ത്രി കെകെ ശൈലജയുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംഭവം അന്വേഷിക്കുന്നുണ്ട്.

നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Top