പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം;തലക്കേറ്റ പരുക്ക് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം തലക്കേറ്റ പരുക്ക് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശാസ്താംകോട്ട സ്വദേശി സ്മിതാകുമാരിയാണ് മരിച്ചത്. ആശുപത്രിയില്‍ വെച്ചുണ്ടായ പരുക്കാണ് മരണത്തിന് കാരണമെന്ന് പൊലീസ് നിഗമനം. സംഭവത്തില്‍ ആശുപത്രിയിലെ ജീവനക്കാരെ ചോദ്യം ചെയ്തു. നവംബര്‍ 29 ആം തിയതി വൈകുന്നേരമാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ അബോധാവസ്ഥയില്‍ സ്മിതയെ കണ്ടെത്തിയത്. ഉടനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്നാണ് സ്മിതയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. നവംബര്‍ 26നായിരുന്നു സ്മിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ഡിലായിരുന്ന സ്മിത അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിംഗിള്‍ റൂമിലേക്ക് മാറ്റുകയായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് തലക്ക് ക്ഷതമേറ്റതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പരുക്കേറ്റത് എങ്ങനെ എന്ന അന്വേഷണത്തിലാണ് പൊലീസ്. സംഭവത്തിൽ ജീവനക്കാരെ ഉൾപ്പടെ ഫൊറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കും.

Top