ധീരജിന്റെ മരണത്തിലേക്ക് നയിച്ചത് നെഞ്ചിലേറ്റ മുറിവെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്

ഇടുക്കി: ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മരണത്തിലേക്ക് നയിച്ചത് നെഞ്ചിലേറ്റ മുറിവെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റര്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. ശരീരത്തില്‍ മര്‍ദ്ദനത്തിലേറ്റ ചതവുകളുമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ് ധീരജിനെ കുത്തിയതെന്നാണ് പൊലീസിന്റെ എഫ് ഐ ആര്‍ റിപ്പോര്‍ട്ടിലുള്ളത്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലിയുടേയും ജെറിന് ജോജോയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കെഎസ്യു യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേല്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി കസ്റ്റഡിയിലുണ്ട്.

ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോണ്‍ഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമവും സംഘം ചേര്‍ന്നതുമാണ് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജ് പരിസരത്ത് എത്തിയതെന്നാണ് നിഖില്‍ പൊലീസിനോട് പറഞ്ഞത്. എസ് എഫ് ഐ ക്കാര്‍ മര്‍ദിച്ചപ്പോഴാണ് കുത്തിയത്. പേനക്കത്തി കരുതിയത് സ്വരക്ഷയ്ക്ക് ആണെന്നുമാണ് പ്രതിയുടെ മൊഴി. ധീരജിനെ കുത്തിയ ശേഷം പ്രതി ഉപേക്ഷിച്ച കത്തി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Top