തണ്ണീര്‍ക്കൊമ്പന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മരണകാരണം ഹൃദയാഘാതം

വയനാട്: വയനാട് മാനന്തവാടിയില്‍ ഇന്നലെ മയക്കുവെടി വെച്ച് കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. വാഹനത്തില്‍ നിന്ന് കെട്ടഴിക്കുമ്പോഴാണ് തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത്. ശരീരത്തിലെ മുഴ പഴുത്തിരുന്നു. ഞരമ്പുകളില്‍ കൊഴുപ്പ് അടിഞ്ഞിരുന്നെന്നും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍. താങ്ങാനാകാത്ത സമ്മര്‍ദം ഹൃദയഘാതത്തിലേക്ക് നയിച്ചെന്ന് വനംവകുപ്പ് പറയുന്നു.

തണ്ണീര്‍ കൊമ്പന്റെ ശ്വാസകോശത്തില്‍ ടിബി ഉണ്ടായിരുന്നതായി ഡോ.അജേഷ് മോഹന്‍ദാസ് പറഞ്ഞു. ഇത് തുടയിലുണ്ടായിരുന്ന ആഴത്തിലുള്ള മുറിവ് ഒരു മാസത്തിലധികം പഴക്കമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. തുടയിലെ പഴുപ്പ് ഒരു ലിറ്ററോളം പുറത്തെടുത്തു. അണുബാധ കനത്ത രീതിയിലുണ്ടായിരുന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ലിംഗത്തില്‍ മുറിവുണ്ടായിരുന്നെന്നും ഞരമ്പില്‍ അമിതമായി കൊഴുപ്പടിഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയില്‍ കയറ്റി കൊണ്ടുപോയത്. ആനയെ അര്‍ധരാത്രിയോടെ ബന്ദിപ്പുര്‍ രാമപുര ക്യാമ്പില്‍ എത്തിച്ചശേഷം വനത്തില്‍ തുറന്നുവിടാന്‍ ശ്രമിക്കവേ ലോറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

Top