മാനസയുടെയും രഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെയും കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിള്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെവിടുന്ന് കിട്ടിയെന്ന് പൊലീസ് അന്വേഷണം തുടങ്ങി.

മാനസയുടേയും രഖിലിന്റേയും ബന്ധുക്കള്‍ എറണാകുളത്ത് എത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുളള സൗഹൃദം തകര്‍ന്നതാണ് നാടിനെ നടുക്കിയ സംഭവത്തിന്കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരേ സമയം ഏഴ് നിറയൊഴിക്കാന്‍ കഴിയുന്ന തോക്ക് എങ്ങനെ രഖിലിന്റെ കൈവശം എത്തി എന്നത് പൊലീസ് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. സംഭവത്തിന്റെ ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥിനികള്‍, കോളജിലെ സഹപാഠികള്‍ അടക്കമുള്ളവരില്‍ നിന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് ശേഖരിക്കും. ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Top