കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് പോസ്റ്റ്; പോലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉറൂബിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉറൂബിനെതിരെ സിപിഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഉറൂബിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ചുകൊണ്ട് പോത്തന്‍കോടുള്ള ഒരു സ്‌കൂളിന്റെ പിടിഎ ഗ്രൂപ്പിലാണ് ഉറൂബ് പോസ്റ്റ് പങ്കുവെച്ചത്. ഇയാൾ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനായിരുന്നു.

ചികിത്സയിലായിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയന്‍, നേതാക്കളായ എസ് രാമചന്ദ്രന്‍ പിള്ള, എംഎ ബേബി, തോമസ് ഐസക്, കെ കെ ശൈലജ തുടങ്ങിയ നേതാക്കള്‍ തലശേരി ടൗണ്‍ ഹാളിലെത്തി കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ജനതിരക്ക് കണക്കിലെടുത്ത് ഇന്ന് മുഴുവന്‍ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പത്തുമണി വരെ നടത്താനായിരുന്നു മുന്‍ തീരുമാനം. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ കോടിയേരിയുടെ വീട്ടിലും 11 മണി മുതല്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. പയ്യാമ്പലത്ത് വൈകീട്ട് മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

Top