നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റ്; യുവാവിന്റെ തലയറുത്തു, പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി

ഉയദ്പൂർ: പ്രവാചകനെ അധിക്ഷേപിച്ച വിഷയത്തിൽ ബിജെപി മുൻ വക്താവ് നുപൂർ ശർമയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടയാളെ കഴുത്തറുത്തു കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം നടന്നത്. രണ്ടുപേർ ചേർന്നാണ് കൊല നടത്തിയത്. കനയ്യ ലാൽ എന്ന തയ്യൽക്കാരനാണ് കൊല്ലപ്പെട്ടത്.

കൊല നടത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. മൂന്നു ദിവസം മുൻപ് കനയ്യ ലാൽ നുപൂർ ശർമയെ അനുകൂലിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. രണ്ടു പേർ തയ്യൽ കടയിലേക്ക് കയറുന്നതും കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതുമാണ് പുറത്തുവന്ന ഒരു വീഡിയോയിൽ കാണുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു വിഡിയോയിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി ഇവർ നിൽക്കുന്നതും കാണാം.

സംഭവത്തിന് പിന്നാലെ, ഉദയ്പൂരിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. പ്രദേശത്ത് കടകൾ അടച്ചു. ഇന്റർനെറ്റ് വിച്ഛേദിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ദുഃഖം രേഖപ്പെടുത്തി. വേദനാജനകവും അപമാനകരവുമായ കാര്യമാണ് നടന്നതെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Top