ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യത; വെടിനിര്‍ത്തല്‍ ചുരുങ്ങിയത് അഞ്ച് ദിവസം

സ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യത. ഖത്തര്‍ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയെ തുടര്‍ന്നാണ് നീക്കം. ഇന്നലെ വൈകീട്ട് കരാറിന് ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ഹമാസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രി ഹമാസും ഇസ്ലാമിക് ജിഹാദും ചര്‍ച്ച നടത്തിയിരുന്നു. അവര്‍ തങ്ങളുടെ തീരുമാനം ഖത്തറിനെ അറിയിച്ചു. തുടര്‍ന്ന് ഖത്തറും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചയാരംഭിക്കുകയും ഇതില്‍ തീരുമാനം അറിയിക്കുകയുമായിരുന്നു. നിശ്ചിത ശതമാനം ബന്ദികളെ മോചിപ്പിക്കാന്‍ ഇരു വിഭാഗവും അംഗീകരിച്ചതായാണ് സൂചന.

ഏറ്റവും ചുരുങ്ങിയത് അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിനാണ് സാധ്യത. എങ്കില്‍ ഗസ്സയിലെ ജനങ്ങള്‍ക്ക് തെല്ലെങ്കിലും ആശ്വാസം നല്‍കുന്ന തീരുമാനമായിരിക്കും ഇത്. ഹമാസുമായുള്ള ഒരു കരാറിനും ഒരുക്കമല്ലെന്നാണ് രണ്ട് ദിവസം മുമ്പ് വരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അറിയിച്ചിരുന്നത്.

എന്നാല്‍ കടുത്ത പ്രതിഷേധം തുടരുകയും ഇസ്രായേലിന് കനത്ത നഷ്ടമുണ്ടാവുകയും അമേരിക്കയ്ക്കു മേല്‍ ശക്തമായ സമ്മര്‍ദമുണ്ടാവുകയും പ്രതിസന്ധി വര്‍ധിക്കുകയും ചെയ്തോടെയാണ് നിലപാട് മയപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തയാറായത്. നെതന്യാഹുവിനെതിരെ ബന്ദികളുടെ കുടുംബക്കാരടക്കം അദ്ദേഹത്തിന്റെ വസതിയിലേക്കടക്കം വലിയ പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു.

Top