10 ദിവസമായി നിര്‍ത്താതെ ഇക്കിള്‍; ബ്രസീല്‍ പ്രസിഡന്റിന് ശസ്ത്രക്രിയക്ക് സാധ്യത

റിയോ ഡി ജനീറോ: കഴിഞ്ഞ 10 ദിവസമായി നിര്‍ത്താതെ ഇക്കിള്‍ക്കൊണ്ട് ബുദ്ധിമുട്ടുന്ന ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊല്‍സൊനാരോക്ക് ശസ്ത്രക്രിയ പരിഗണനയില്‍. സാധാരണ നല്‍കുന്ന ചികിത്സ നല്‍കിയിട്ടും അസുഖം ഭേതമാക്കാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ആലോചിക്കുന്നത്.

കുടലിലെ തടസ്സം കാരണമാണ് കഴിഞ്ഞ 10 ദിവസമായി 24 മണിക്കൂറും ഇക്കിള്‍ അനുഭവപ്പെടുന്നതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പ്രസിഡന്റിനെ വിദഗ്ധ ചികിത്സക്കായി സാവോ പോളോയിലെ ആശുപത്രിയിലേക്ക് മാറ്റി.

ജൂലൈ മൂന്നിന് നടന്ന ഡെന്റല്‍ ഇംപ്ലാന്റേഷന് ശേഷമാണ് തനിക്ക് ഇക്കിള്‍ പ്രശ്നം വന്നതെന്ന് പ്രസിഡന്റ് പറഞ്ഞിരുന്നു. ബ്രസീലിയയിലെ മിലിട്ടറി ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. പിന്നീട് സാവോപോളെയിലേക്ക് മാറ്റി.

48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനമെടുക്കും. 2018ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൊല്‍സൊനാരോക്ക് വയറ്റില്‍ കുത്തേറ്റിരുന്നു. ഇതുവരെ അദ്ദേഹത്തെ ആറ് ശസ്ത്രക്രിയക്ക് വിധേയനാക്കി.

 

Top