Possibility of India attack pak Terrorist area; CIA

വാഷിംങ്ടണ്‍; വ്യോമതാവളത്തിനെതിരായ ആക്രമണത്തിനെതിരെ പാക്കിസ്ഥാന്‍ കര്‍ക്കശ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാക്കിസ്ഥാനിലെ ഭീകര ക്യാംപുകളില്‍ ഇന്ത്യ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കക്ക് ആശങ്ക.

അമേരിക്കന്‍ ചാരസംഘടനയായ സിഐഎയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തിനകത്ത് നുഴഞ്ഞ് കയറി വ്യോമതാവളത്തില്‍ തന്നെ ആക്രമണം നടത്തിയ ഭീകരരുടെ നടപടി അന്താരാഷ്ട്രതലത്തില്‍ ഇന്ത്യക്ക് അപമാനമായതിനാല്‍ കനത്ത തിരിച്ചടി ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരം നടപടി ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിന് തന്നെ വഴിവെച്ചേക്കുമെന്ന മുന്നറിയിപ്പ് പാക്കിസ്ഥാന് ഇതിനകം തന്നെ അമേരിക്ക നല്‍കിയിട്ടുണ്ട്.

അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ പാക്കിസ്ഥാനിലേക്ക് അതിക്രമിച്ച് കയറി അമേരിക്കന്‍ കമാന്‍ഡോകള്‍ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിലും അത്തരമൊരു ഓപ്പറേഷന്‍ ഇന്ത്യ ഇതുവരെ സ്വീകരിച്ചിരുന്നില്ല.

ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ കലാപകാരികളെ മ്യാന്‍മറില്‍ കയറി വെടിവെച്ച് കൊന്ന് പകരം വീട്ടിയ ഇന്ത്യ ഇതിന് സമാനമായ നീക്കം അണിയറയില്‍ പാക്കിസ്ഥാനെതിരെ നടത്തുന്നുണ്ടെന്നാണ് അമേരിക്ക സംശയിക്കുന്നത്.

ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നിലപാടിനൊപ്പമാണ് അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് വന്‍ശക്തികളെങ്കിലും പാക്കിസ്ഥാനുമായി ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ ചൈന പാക്കിസ്ഥാനെ സഹായിക്കുമോയെന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്.

ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ അത് ലോകയുദ്ധത്തില്‍ കലാശിക്കുമെന്ന ഭീതി യുഎന്‍ രക്ഷാസമിതിക്കുമുണ്ട്.

അതേസമയം പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരാക്രമണം നടത്താന്‍ നേതൃത്വം കൊടുക്കുകയും കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരെ പരിഹസിക്കുകയും ചെയ്ത ജയ്‌ഷെ മുഹമ്മദിന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്ത് വന്നിട്ടുണ്ട്.

ആരാണോ രാജ്യത്തെ ആക്രമിച്ചത് അവര്‍ക്ക് അതേ രീതിയില്‍ തന്നെ തിരിച്ചടി നല്‍കണമെന്നാണ് അദ്ദേഹം സൈനികരോട് ആഹ്വാനം ചെയ്തത്.

‘ആരെങ്കിലും നമ്മളെ വേദനിപ്പിച്ചെങ്കില്‍ അയാളും അതേ രീതിയിലുള്ള വേദന അറിയണമെന്ന’ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം ലോക രാഷ്ട്രങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്.

ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള തീവ്രവാദികളുടെ ‘സ്ലീപ്പര്‍ സെല്ലുകളെ’ കണ്ടത്തി ഇല്ലായ്മ ചെയ്യാന്‍ വിപുലമായ പദ്ധതിക്ക് തന്നെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുരത്ത് വരുന്നുണ്ട്.

പ്രധാനമായും ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ സഹായം ഇക്കാര്യത്തില്‍ ഇന്ത്യക്കുണ്ട്. ലോകത്തിലെ നമ്പര്‍ വണ്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് മൊസാദ്.

അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ജപ്പാന്‍, ആസ്‌ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ വന്‍ശക്തികളെയും അറബ് രാഷ്ട്രങ്ങളുടെയും സഹകരണത്തോടെ തീവ്രവാദ വിരുദ്ധ വേട്ട ശക്തമാക്കാന്‍ സജീവമായ ഇടപെടലാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Top