തലശ്ശേരിയില്‍ സംഘര്‍ഷ സാധ്യത; രണ്ട് ദിവസം കൂടി നിരോധനാജ്ഞ 

കണ്ണൂര്‍: തലശ്ശേരിയില്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യം തുടരുകയാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. നഗരത്തില്‍ എല്ലായിടത്തും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തലശ്ശേരിയില്‍ രണ്ട് ദിവസം കൂടി നിരോധനാജ്ഞ തുടരും. ആളുകള്‍ അനാവശ്യമായി നഗരത്തിലേക്ക് എത്തരുതെന്നും കൂട്ടം കൂടി നില്‍ക്കരുതെന്നും പൊലീസ് അറിയിച്ചു. ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷം ഒഴിവാക്കാന്‍ തലശ്ശേരി മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ വന്‍ സംഘര്‍ഷാവസ്ഥയാണ് ഉണ്ടായത്. തലശ്ശേരിയിലെ ബിജെപി ഓഫീസിന് മുന്നില്‍ ഒത്തുചേര്‍ന്ന പ്രവര്‍ത്തകര്‍ അവിടെ നിന്നും മുദ്രാവാക്യം വിളിയുമായി സിപിഎം ഓഫീസിലേക്ക് വരികയായിരുന്നു.

ഏതാണ്ട് മുന്നൂറോളം ബിജെപി പ്രവര്‍ത്തകര്‍ തലശ്ശേരി ടൗണില്‍ എത്തിയിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിജെപി പ്രവര്‍ത്തകര്‍ തമ്പടിച്ചു നിന്നു. പത്ത് മിനിറ്റിനകം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പൊലീസ് ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിന്നീട് പിരിഞ്ഞുപോകുകയായിരുന്നു.

Top