position in party; CPIM has a deceit attitude towards VS

ന്യൂഡല്‍ഹി: പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പത്രലേഖകര്‍ക്ക് മുന്നില്‍ രാജി പ്രഖ്യാപിച്ച കേന്ദ്രകമ്മിറ്റി അംഗത്തെ പുറത്താക്കാന്‍ സിപിഎമ്മിന് ആവശ്യമായത് മിനുറ്റുകള്‍ മാത്രം.

എന്നാല്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോയും പാര്‍ട്ടി നിലപാടിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചും സിപിഎം നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വിഎസ് അച്യുതാനന്ദനെതിരെ അച്ചടക്കത്തിന്റെ വാളോങ്ങാന്‍ സിപിഎമ്മിന് ഭയം.

ലെനിനിസ്റ്റ് സംഘടനാ രൂപം പിന്‍തുടരുന്ന കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിനെ സംബന്ധിച്ച് അച്ചടക്കമാണ് പരമപ്രധാനം. പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരക്കു മീതെ ചാഞ്ഞാല്‍ വെട്ടിക്കളയണമെന്നാണ് സിദ്ധാന്തം.

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളന ചര്‍ച്ചകളിലും ബന്ധപ്പെട്ടും പിണറായി ചൂണ്ടിക്കാണിച്ച പാര്‍ട്ടി പ്രമേയത്തിലുമെല്ലാം വിഎസിനെ പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലുള്ള ആളായാണ് ചിത്രീകരിച്ചിരുന്നത്.

വിവാദം പടര്‍ന്നപ്പോള്‍ ഇതുസംബന്ധമായി അന്വേഷിക്കാന്‍ പി ബി കമ്മീഷനെ നിയോഗിക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. ഇതുവരെ പിബി കമ്മീഷന്‍ യോഗം ചേരുകയോ തീരുമാനം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനും ഈ പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലുള്ള ആള്‍ തന്നെയായിരുന്നു ഇടതുപക്ഷത്തിന് ആശ്രയം.

വിഎസ് ഉയര്‍ത്തിവിട്ട ആരോപണങ്ങളും ആക്രമണങ്ങളുമാണ് യുഡിഎഫിനും ബിജെപി-ബിഡിജെഎസ് സഖ്യത്തിനും ഏറെ വെല്ലുവിളി ഉയര്‍ത്തിയതെന്ന് ആ പാര്‍ട്ടികള്‍ പോലും പരസ്യമായി സമ്മതിക്കുന്ന കാര്യമാണ്.

മറ്റൊരു രാഷ്ട്രീയ നേതാവിനും മോഹന്‍ലാലടക്കമുള്ള സിനിമാ സൂപ്പര്‍ താരങ്ങള്‍ക്കും ലഭിക്കാത്ത അത്രയും വലിയ ജനക്കൂട്ടമാണ് 93 കാരനായ വിഎസിന്റെ പൊതു യോഗങ്ങളില്‍ ദൃശ്യമായത്.

ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം ഭരണം കരസ്ഥമാക്കുകയും ചെയ്തു.

മലമ്പുഴയില്‍ നിന്ന് മത്സരിച്ച വിഎസ് അച്യുതാനന്ദനും ധര്‍മ്മടത്ത് നിന്ന് മത്സരിച്ച പിണറായി വിജയനും വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച് തങ്ങളുടെ ജനസമ്മതി തെളിയിക്കുകയും ചെയ്തു.

ആദ്യ ഒരു വര്‍ഷമെങ്കിലും മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെട്ടിരുന്ന വിഎസിനെ മാറ്റി നിര്‍ത്തി പിബിയുടെ മൗനാനുവാദത്തോടെ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സമിതി ഐകകണ്‌ഠേനയാണ് തീരുമാനിച്ചത്.

വിഎസിന്റെ പടം വെച്ച് വോട്ട് പിടിച്ച് വിജയിച്ച ഒരു കൈകളും അവിടെ വിഎസിനായി ഉയരാനുണ്ടായിരുന്നില്ല എന്നതും യാഥാര്‍ത്ഥ്യം.

സീതാറാം യെച്ചൂരിയുടെ തന്ത്രപരമായ നിലപാടിന്റെ ഭാഗമായി പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വിഎസും സന്നിഹിതനായി. നിര്‍വികാരനായി യെച്ചൂരിക്കൊപ്പം ഒരക്ഷരം ഉരിയാടാതെ ഇരുന്ന വിഎസിന്റെ ദയനീയ മുഖം മാധ്യമപ്രവര്‍ത്തകര്‍ക്കും പുതിയ കാഴ്ചയായിരുന്നു.

പിന്നീട് വിഎസിന് കാബിനറ്റ് റാങ്കോട് കൂടി ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനം ലഭിക്കുമെന്ന വിവരം പാര്‍ട്ടി കേന്ദ്രനേതൃത്വം തന്നെ സ്ഥിരീകരിച്ചു.

എന്നാല്‍ വിഎസിന്റെ ‘കഷ്ടകാലത്തിന്’ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമാപന സമയത്ത് യെച്ചൂരിയുടെ പോക്കറ്റില്‍ വിഎസ് ഇട്ടുകൊടുത്ത കടലാസ് തുണ്ട് കാമറ കണ്ണുകള്‍ ഒപ്പിയെടുത്തത് കാര്യങ്ങളെല്ലാം തകിടം മറിച്ചു.

കാബിനറ്റ് റാങ്കോട് കൂടി പദവി അതോടൊപ്പം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വം എന്നീ കാര്യങ്ങള്‍ വിഎസ് ആവശ്യപ്പെട്ടതാണ് കുറിപ്പിലുള്ളത് എന്ന് കുത്തക മാധ്യമങ്ങളടക്കം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയായി പോലും സിപിഎമ്മിന്റെ സ്ഥാപക നേതാവിനെ ചിത്രീകരിച്ചു.

കേരളീയ രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായ വിപ്ലവകാരിയുടെ രാഷ്ട്രീയ ജീവിതത്തിലേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു അത്.

വിഎസ്, സര്‍ക്കാരിന്റെ ഉപദേശകനായാല്‍ വിവാദമൊഴിഞ്ഞ നേരമുണ്ടാകില്ലെന്ന് കണ്ട് മുഖ്യമന്ത്രിയും സംസ്ഥാന പാര്‍ട്ടി നേതൃത്വവുമെല്ലാം തീരുമാനം നീട്ടിക്കൊണ്ട് പോവുകയും ചെയ്തു.

പൊതു സമൂഹത്തിനിടയില്‍ തെറ്റിധാരണ പരത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ആരോപിച്ച് ഇടവേളക്ക് ശേഷം വിഎസ് രംഗത്ത് വന്നെങ്കിലും ആ പ്രതികരണത്തിന് പോലും വിഎസിനെ ഒരിക്കല്‍ വാഴ്ത്താന്‍ മത്സരിച്ച മാധ്യമങ്ങള്‍ പോലും വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സ്ഥാനമൊന്നുമില്ലാത്തവനെ അവഗണിക്കുകയും അധികാരമുള്ളവന്റെ ഒപ്പം പോവുകയും ചെയ്യുന്ന ‘കച്ചവട മാധ്യമ തന്ത്രത്തിന്’ മുന്നില്‍ വിഎസിനും ചുവട് പിഴക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഒടുവില്‍ കാബിനറ്റ് റാങ്കും പദവിയും ഒന്നും വേണ്ട പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ മാന്യമായ ഒരിരിപ്പിടം എന്ന ആവശ്യത്തിലേക്ക് മാത്രമായി വിഎസ് മാറിയപ്പോഴും അദ്ദേഹത്തിന് മുന്നിലെ പ്രതിസന്ധികള്‍ നീങ്ങിയില്ല.

കാത്തിരിപ്പിന് ഇനി എത്രനാള്‍ എന്ന കാര്യത്തില്‍ പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതാക്കളും വ്യക്തമായ ഉത്തരം നല്‍കാതെ കൈമലര്‍ത്തുകയാണ്.

ഡല്‍ഹിയില്‍ തിങ്കളാഴ്ച സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ബംഗാള്‍ ഘടകത്തിനെതിരെ നടപടിയെടുക്കാത്തതിനെതിരെ നിലപാട് പ്രഖ്യാപിച്ച കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ ജഗ്മതി സാങ്‌വാനെ പുറത്താക്കിയാണ് സിപിഎം പാര്‍ട്ടി അച്ചടക്കം സംബന്ധിച്ച് ഒരിക്കല്‍ കൂടി നിലപാട് വ്യക്തമാക്കിയത്.

അപ്പോഴും വിഎസിനെതിരായ പരാതി ‘ചുവപ്പുനാടയില്‍’ എകെജി സെന്ററില്‍ തന്നെ വിശ്രമിക്കുകയാണ്. ഈ പരാതിയില്‍ പിബി അന്വേഷണ റിപ്പോര്‍ട്ട് വരാതെ വിഎസിന്റെ പദവി സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്ക് പോലും സിപിഎം തയ്യാറല്ല.

ഇതിലും ഭേദം പരാതി കെട്ട് പൊട്ടിച്ച് വിഎസിനെ പുറത്താക്കുകയാണ് നല്ലതെന്ന അഭിപ്രായവും പാര്‍ട്ടികക്കത്ത് തന്നെ ഉയരുന്നുണ്ട്.

ഒരു കമ്മ്യൂണിസ്റ്റ്കാരനെ സംബന്ധിച്ച് തെറ്റ് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് സംഘടനാ രീതി എന്നിരിക്കെ വിഎസ് ഇപ്പോള്‍ പാര്‍ട്ടിക്ക് പൂര്‍ണ്ണമായും വിധേയനായി പ്രവര്‍ത്തിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സംഭാവനയും പ്രായവും കണക്കിലെടുത്ത് പാര്‍ട്ടി ഉടന്‍ തന്നെ അര്‍ഹതപ്പെട്ട അംഗീകാരം അദ്ദേഹത്തിന് നല്‍കണമെന്നാണ് അണികളുടെ വികാരം.

പിബി കമ്മീഷന്‍ നിലനില്‍ക്കെ തന്നെ വോട്ട് തേടാന്‍ വിഎസിനെ നായകനാക്കിയതിന് ന്യായീകരണമുണ്ടെങ്കില്‍ പിന്നെ അച്ചടക്ക നടപടിക്കും കമ്മീഷന്‍ റിപ്പോര്‍ട്ടിനും എന്ത് പ്രസക്തിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചോദിക്കുന്നത്.

Top