പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശിയ ടീമില്‍ നിന്ന് പുറത്ത്

ronaldo

നെവാഡ : പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശിയ ടീമില്‍ നിന്ന് പുറത്ത്. പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരായ പീഡന കേസ് ലാസ് വെഗാസ് പൊലീസ് വീണ്ടും അന്വേഷിക്കുന്ന സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോ ദേശീയ ടീമില്‍ നിന്ന് പുറത്തായത്.

ഒക്ടോബര്‍ 11ന് നടക്കുന്ന പോളണ്ടിനെതിരായ നാഷണല്‍ ലീഗ് മത്സരത്തിലും, ഒക്ടോബര്‍ 14ന് നടക്കുന്ന സ്‌കോട്ട്‌ലന്റിനെതിരായ ഗ്ലാസ്‌കോയിലെ സൗഹൃദ മത്സരത്തിലും ക്രിസ്റ്റ്യാനോ ടീമില്‍ ഉണ്ടാകില്ല.

ഈ മാസം പോളണ്ടിനും സ്‌കോട്ട്‌ലന്റിനും എതിരെ നടക്കുന്ന കളിയില്‍ നിന്നാണ് റൊണാള്‍ഡോയെ ഒഴിവാക്കിയത്. റൊണാള്‍ഡോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ പുനരന്വേഷണം നടക്കുകയാണെന്ന് ലാസ് വെഗാസ് പൊലീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

അതേസമയം സംഭവത്തില്‍ ക്രിസ്റ്റ്യാനോയുടെ സ്‌പോണ്‍സര്‍മാരായ നൈക്കി ആശങ്ക അറിയിച്ചു. ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്ന് ഇവര്‍ പ്രതികരിച്ചു. ഇതേസമയം ക്രിസ്റ്റ്യാനോ ജീവിതത്തിലും കളത്തിലും ഒരു ചാമ്പ്യനാണെന്നും അദ്ദേഹത്തിന് ഒപ്പമാണ് തങ്ങളുടെ നിലപാട് എന്നും ക്രിസ്റ്റ്യാനോയുടെ ക്ലബ്ബായ യുവന്റസ് പ്രതികരിച്ചു.

കാതറിന്‍ മയോര്‍ഗയെന്ന 34 കാരിയാണ് റൊണാള്‍ഡോയ്‌ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. 2009ല്‍ ലാസ് വെഗാസില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്നായിരുന്നു ഇവരുടെ ആരോപണം. പിന്നീട് ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയതായും യുവതി ആരോപിച്ചിരുന്നു.

ഒമ്പതുവര്‍ഷത്തിനുശേഷമാണ് ആ സംഭവത്തെക്കുറിച്ച് പൊതുമധ്യത്തില്‍ മയോര്‍ഗ സംസാരിക്കുന്നത്. റൊണാള്‍ഡോയുടെ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് സംഭവം നടന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്.

അതേസമയം റൊണാള്‍ഡോ യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും യുവതിയുടെ സമ്മതത്തോട് കൂടി തന്നെയാണ് എല്ലാം നടന്നതെന്നുമായിരുന്നു റൊണാള്‍ഡോയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി കാമുകി ജോര്‍ജിന റോഡ്രിഗസും രംഗത്തെത്തിയിരുന്നു.

കാതറിന്‍ മയോര്‍ഗയ്ക്ക് റൊണാള്‍ഡോയുടെ നടപടികള്‍ മൂലമുണ്ടായ പരുക്കുകള്‍ക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ക്കും കോടതിക്കു മുമ്പില്‍ റൊണാള്‍ഡോ ഉത്തരവാദിയാണെന്ന് തെളിയിക്കുകയാണ് ഈ നിയമപോരാട്ടം വഴി ലക്ഷ്യമിടുന്നതെന്ന് മയോര്‍ഗയുടെ അഭിഭാഷകന്‍ ലെസ്‌ലി സ്റ്റൊവാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top