യൂറോ കപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ബെല്‍ജിയത്തിനും ജയം

ലിബ്‌സണ്‍: യൂറോ കപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ബെല്‍ജിയത്തിനും ജയം. നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവില്‍ പോര്‍ച്ചുഗല്‍ സ്ലൊവാക്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ നായകന്റെ കളി പുറത്തെടുത്ത കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് നെതര്‍ലന്‍ഡ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നു. 10 പേരായി ചുരുങ്ങിയിട്ടും റൊമേലു ലുക്കാക്കുവിന്റെ വിജയഗോളില്‍ ബെല്‍ജിയം ഓസ്ട്രിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന് യൂറോ കപ്പില്‍ യോഗ്യത ഉറപ്പാക്കി.

ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ അമാഡൗ ഒനാന രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തായതോടെ 10 പേരുമായാണ് ബെല്‍ജിയം കളിച്ചത്. ദോഡി ലുകേബാക്കിയോ ആണ് ബെല്‍ജിയത്തിന്റെ ആദ്യ രണ്ട് ഗോളുകളും നേടിയത്. റൊമേലു ലുക്കാകു മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചപ്പോഴാണ് ഓസ്ട്രിയ രണ്ട് ഗോള്‍ തിരിച്ചടിച്ച് ഞെട്ടിച്ചത്.

കിലിയന്‍ എംബപ്പെയുടെ ഇരട്ട ഗോള്‍ കരുത്തിലാണ് ഫ്രാന്‍സിന്റെ ജയം. 7, 53 മിനുറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകള്‍. 83ആം മിനുറ്റില്‍ ഹാര്‍ട്മാനാണ് നെതര്‍ലന്‍ഡ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്. 6 കളിയില്‍ 6 ജയവുമായി ഫ്രാന്‍സാണ് ഗ്രൂപ്പി ബിയില്‍ മുന്നിലുള്ളത്. മറ്റൊരു മത്സരത്തില്‍ മൂന്ന് ഗോള്‍ ലീഡ് വഴങ്ങിയശേഷം ഗോള്‍ തിരിച്ചടിച്ച് ഓസ്ട്രിയ കരുത്തു കാട്ടിയെങ്കിലും ജയം കൈവിടാതെ ബെല്‍ജിയം ഗ്രൗണ്ട് വിട്ടു.

 

Top