Portugal beat France 1-0 in Euro 2016 final to win the trophy for the first time

പാരീസ്: ഒടുവില്‍ പോര്‍ച്ചുഗല്‍ അതു നേടി. കാത്തിരുന്ന് കാത്തിരുന്ന് ഫുട്‌ബോളിലെ ഒരു പ്രഥമ കിരീടം പറങ്കിപ്പടകള്‍ സ്വന്തമാക്കി. അതും യൂറോപ്പിന്റെ രാജാവായി, യൂറോകപ്പില്‍ മുത്തമിട്ടുകൊണ്ട്.

ഇന്ന് പുലര്‍ച്ചെ നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രിസ്റ്റിയാനോയും സംഘവും മറികടന്നത്. അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ 106 ആം മിനിട്ടിലായിരുന്നു പോര്‍ച്ചുഗലിനെ യൂറോപ്പിന്റെ ചാമ്പ്യന്‍മാരാക്കാനായി പന്ത് ഫ്രാന്‍സിന്റെ വലകടന്നത്.

പകരക്കാരനായി ഇറങ്ങിയ എഡറിന്റെ കാല്‍ക്കരുത്തിന് പോര്‍ച്ചുഗല്‍ നന്ദി പറയുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ മുട്ടിന് പരിക്കേറ്റ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ പുറത്ത് പോയിട്ടും മികച്ച കളി പുറത്തെടുത്താണ് പോര്‍ച്ചുഗല്‍ തങ്ങളുടെ ആദ്യ യൂറോ കിരീടം ചൂടുന്നത്.

ആതിഥേയരായ ഫ്രാന്‍സിനെ അവരുടെ സ്വന്തം മൈതാനത്ത് വീഴ്ത്തിയത് പകരക്കാരനായി ഇറങ്ങിയ എഡറിന്റെ തകര്‍പ്പന്‍ ഗോളാണ്. പോര്‍ച്ചുലിന്റെ ആദ്യ അന്താരാഷ്ട്ര കിരീടമാണ് ഇത്.

പരിക്കിനെ തുടര്‍ന്ന് ആദ്യ 20 മിനിട്ട് കഴിഞ്ഞപ്പോള്‍ത്തന്നെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നഷ്ടമായിട്ടും നടത്തിയ തളരാത്ത പോരാട്ടത്തിലൂടെയാണ് പോര്‍ച്ചുഗല്‍ കിരീടത്തില്‍ മുത്തമിട്ടത്.

ക്രിസ്റ്റിയാനോയുടെ അഭാവത്തില്‍ നാനിയായിരുന്നു മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. അധിക സമയത്തിന്റെ രണ്ടാം പകുതിയിലായിരുന്നു വിധി നിര്‍ണയിച്ച ഗോള്‍ വന്നത്. സാഞ്ചസിന് പകരക്കാരനായി ഇറങ്ങിയ എഡര്‍ പോര്‍ച്ചുഗലിന്റെ വീരനായകനാവുകയായിരുന്നു.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ നിരവധി അവസരങ്ങള്‍ പാഴാക്കിയ ശേഷമാണ് ഫ്രാന്‍സ് കലാശപ്പോരാട്ടത്തില്‍ തോല്‍വി വഴങ്ങിയത്. ക്യാപ്റ്റനായും പരിശീലകനായും യൂറോയില്‍ മുത്തമിടാമെന്ന ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സിന്റെ മോഹങ്ങളാണ് ഇന്നലത്തെ തോല്‍വിയില്‍ അലിഞ്ഞ് ഇല്ലാതായത്.

Top